‘കങ്കണ റൺ ഔട്ടായതിൽ സന്തോഷം, പക്ഷെ ഇത് നമുക്കും സംഭവിക്കാം’; റിമ കല്ലിങ്കല്‍

By Web TeamFirst Published May 6, 2021, 10:41 AM IST
Highlights

കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. 

ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചതിൽ  പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍.ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് താരം ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചത്. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന് റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ മറുപടി.

ഈ മറുപടി പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്‌മൈലിയോടൊപ്പം റണ്‍ ഔട്ട് എന്ന് നടി സ്റ്റോറിയില്‍ എഴുതി. കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സമൂഹമാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍ അഭിപ്രായമാണെന്നും റിമ വ്യക്തമാക്കി.

ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഈ ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കങ്കണയ്ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ആയിരുന്നു നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അക്കൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്.

"ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ (മമത ബാനര്‍ജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ", എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

എന്നാല്‍ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. വിമര്‍ശനം പെരുകവെയാണ് അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന ബോളിവുഡ് താരങ്ങളില്‍ പ്രധാനിയാണ് കങ്കണ റണൗത്ത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലെ വംശീയവും വിദ്വേഷപരവുമായ ഉള്ളടക്കത്തിന്‍റെ പേരില്‍ കങ്കണ മുന്‍പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!