ഫീമെയിൽ ഫോക്കസ്, അന്താരാഷ്ട്ര മത്സരവിഭാഗം എന്നിവയില്‍ നിന്നുള്ള ശ്രദ്ധേയമായ ചിത്രങ്ങളും ആദ്യദിന പ്രദർശന പട്ടികയിലുണ്ട്.

ഡിസംബർ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ 'പലസ്തീൻ 36' ഉൾപ്പെടെ 11 ചിത്രങ്ങൾ. ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്നു. 98-ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ഉദ്ഘാടന ചിത്രമായ പലസ്തീൻ 36 വൈകീട്ട് 6 ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

കലാഭവൻ തിയറ്ററിൽ രാവിലെ 10 ന് പ്രദർശിപ്പിക്കുന്ന ലോറ കസബെയുടെ 'വിർജിൻ ഓഫ് ക്വാറി ലേക്ക്' ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണമാണ്. അർജൻ്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ സംസ്കാരിക തലങ്ങളെ ചിത്രം ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. വിഖ്യാത ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ഷഹീനിൻ്റെ അലക്സാൺട്രിയ ട്രൈലോജിയുടെ മൂന്നാം ഭാഗമായ 'അലക്സാൺട്രിയ എഗൈൻ ആൻ്റ് ഫോർ എവർ' രാവിലെ 10 മണിക്ക് നിള തിയറ്ററിലാണ്.

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ഒന്നാം ദിനം പ്രദർശിപ്പിക്കുക പോളിൻ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ 'നിനോ' ആണ്. ഇമ്മാനുവൽ ഫിങ്കിൽൻ്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള 'മരിയാനാസ് റും', കൈ ഷാങ്ജുനിൻ്റെ 'ദി സൺ റൈസസ് ഓൺ അസ് ഓൾ' എന്നിവ കൈരളി തിയേറ്ററിൽ രാവിലെ 10 ന് പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 'ഫ്രാഗ്മെൻ്റ്സ് ഫ്രം ദ ഈസ്റ്റ്', 'അൺറ്റൈയ്മബിൾ', 'ബീഫ്', 'ഷോപ്പാൻ എ സനാറ്റ ഇൻ പാരിസ്', 'ബ്ലൂ ട്രയൽ' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections