ഡിസംബറിൽ നിരവധി പുതിയ സിനിമകളും സീരീസുകളും ഒടിടിയിൽ റിലീസ് ചെയ്യുന്നു. ദുൽഖർ സൽമാന്റെ തമിഴ് ചിത്രം 'കാന്ത', മലയാള ചിത്രങ്ങളായ 'ഫെമിനിച്ചി ഫാത്തിമ', 'അന്ധകാര' എന്നിവ ഡിസംബർ 12-ന് സ്ട്രീമിംഗ് ആരംഭിക്കും.
കൊവിഡ് കാലത്താണ് ഒടിടി റിലീസുകൾക്ക് ഏറെ പ്രാധാന്യം ലഭിച്ചത്. ഇതര ഭാഷാ സിനിമകൾ കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതും ഈ കാലത്താണ്. പ്രത്യേകിച്ച് മലയാള സിനിമകൾക്ക്. അതുകൊണ്ട് തന്നെ പുതിയ മലയാള പടങ്ങൾ റിലീസ് ചെയ്യുമ്പോൾ തിയറ്ററിൽ എത്താനും ഒടിടി റിലീസുകൾ കാണാനും ഇതരഭാഷാ സിനിമാസ്വാദകർക്ക് ആവേശം ഏറെയാണ്. എല്ലാ മാസത്തെയും പോലെ ഈ മാസവും മലയാളം ഉൾപ്പടെ ഒരുപിടി മികച്ച സിനിമകളും സീരീസുകളും ഒടിടിയിൽ എത്താൻ പോവുകയാണ്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
ഒടിടി റിലീസിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമ കാന്തയാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ തമിഴ് ചിത്രമാണിത്. മിസ്റ്ററി ക്രൈം ഡ്രാമ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. നവംബർ 14ന് തിയറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്. കാന്ത നാളെ അതായത് ഡിസംബർ 12ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.
ഐഎഫ്എഫ്കെ ഉൾപ്പടെയുള്ള വേദികളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമാണ് ഒടിടിയിൽ എത്താൻ പോകുന്ന മറ്റൊരു ചിത്രം. മനോരമ മാക്സിലൂടെ ഡിസംബർ 12ന് റിലീസ് ചെയ്യും. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ദുൽഖർ സൽമാന്റെ വെഫേറർ ഫിലിംസ് ആയിരുന്നു പടം തിയറ്ററുകളിൽ എത്തിച്ചത്.
ഡാർക്ക് വയലന്റ് ത്രില്ലറായി ഒരുങ്ങിയ അന്ധകാരയും ഒടിടിയിൽ എത്തുന്നുണ്ട്. സൺ നെക്സ്റ്റിലൂടെ ഡിസംബർ 12ന് ഈ പടവും സ്ട്രീമിംഗ് ആരംഭിക്കും. ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് വാസുദേവ് സനൽ ആണ്. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, ആൻ്റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത്, ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഈ മാസം സ്ട്രീമിംഗ് ആരംഭിക്കുന്ന വെബ്സീരീസ് ആണ് ഫാർമ. നിവിൽ പോളി ആദ്യമായി അഭിനയിക്കുന്ന ഫാർമ ഡിസംബർ 19ന് ജിയോ ഹോട് സ്റ്റാറിലൂടെ സീരീസ് സ്ട്രീമിംഗ് ആരംഭിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിന്‍റെ ലോകം പശ്ചാത്തലമാക്കുന്ന സീരീസ്, മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഭാഷകളിലും കാണാനാകും. പി ആര്‍ അരുണ്‍ ആണ് സലംവിധാനം.
തമിഴ് ചിത്രം ആരോമലെ ഡിസംബർ 12ന് ഒടിടിയിൽ എത്തും. സാരംഗ് തിയാഗു രചനയും സംവിധാനവും നിർവ്വഹിച്ച തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് ആരോമലെ. കിഷൻ ദാസ്, ശിവാത്മിക രാജശേഖർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 'എക് ദീവാനി കി ദിവാനിയ' എന്ന ഹിന്ദി ചിത്രവും ഡിസംബറിൽ ഒടിടിയിൽ എത്തുന്നുണ്ട്. നെറ്റ് ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഡിസംബർ 16നാണ് സ്ട്രീമിംഗ്.



