'വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നിര്‍ത്താം'; ഭീഷണികള്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍

By Web TeamFirst Published Dec 25, 2019, 1:31 PM IST
Highlights

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധയേക്ക് എന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
 

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ഒന്ന് സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു. 'ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്' എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ വിമര്‍ശനവുമായി ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരായിരുന്നു അതിലൊരാള്‍. ഇപ്പോഴിതാ അതിന് പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

'വിഡ്ഢികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം' എന്നാണ് റിമ ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം നടി ഫിലോമിലയുടെ പ്രശസ്തമായ ഒരു കോമിക് ഡയലോഗും റിമ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ആരെട നാറീ നീ' എന്ന ഡയലോഗ് പറയുന്ന ഫിലോമിനയുടെ ഡ്രോയിംഗ് ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധയേക്ക് എന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല', സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ റിമ കല്ലിങ്കലിനെ കൂടാതെ നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയ്ന്‍ നിഗം, രാജീവ് രവി, ആഷിക് അബു, ഷഹബാസ് അമന്‍, വേണു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. അന്നേദിവസം കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോംഗ് മാര്‍ച്ചും വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. 

click me!