
ഋഷി കപൂര്‍ ചിത്രം 'ശര്‍മാജി നംകീൻ' പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. ഋഷി കപൂറിന്റെ മരണ ശേഷമെത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഹിതേഷ് ഭാട്യ ആണ്. സുപ്രതിക സെനുമായി ചേര്‍ന്ന് ഹിതേഷ് ഭാട്യ തിരക്കഥ എഴുതിയിരിക്കുന്നു. 'ശര്‍മാജി നംകീൻ' ചിത്രത്തിന്റെ ട്രെയിലര്‍ (Sharmaji Namkeen trailer)പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
ഋഷി കപൂറിന്റെ മരണ ശേഷം പരേഷ് റാവലായിരുന്നു 'ശര്‍മാജി നംകീൻ' പൂര്‍ത്തീകരിച്ചത്. ജൂഹി ചൗള, സുഹൈല്‍ നയ്യാര്‍, ഇഷാ തല്‍വാര്‍. ഷീബ ചദ്ധ, അയേഷ റാസ, സതിഷ് കൗശിക്, പര്‍മീത് സേതി, താരുക് റെയ്‍ന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. പിയുഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബോധാദിത്യ ബാനര്‍ജിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകുക.
ഋഷി കപൂര്‍ ചിത്രം വളരെ നേരത്തെ റിലീസ് പ്രഖ്യാപിച്ചതായിരുന്നു. രാജ്യം മൊത്തം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതും ഋഷി കപൂര്‍ മരണപ്പെടുകയും ചെയ്‍ത സാഹചര്യങ്ങളിലാണ് റിലീസ് വൈകിയത്. ഋഷി കപൂര്‍ ചെയ്യാൻ സിനിമയില്‍ ബാക്കിവെച്ച രംഗങ്ങളില്‍ അതേ കഥാപാത്രമായി പരേഷ് റാവല്‍ എത്തുകയായിരുന്നു. വെല്ലുവിളികള്‍ അതിജീവിച്ചാണ് ഒടുവില്‍ ചിത്രം പൂര്‍ത്തിയാക്കിയത്.
Read More : ഋഷി കപൂര്‍ ബാക്കിവെച്ച രംഗങ്ങളില്‍ അതേ കഥാപാത്രമാകാൻ പരേഷ് റാവല്‍!
ഋഷി കപൂര്‍ ചിത്രമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'ദ ബോഡി'യാണ്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്‍ത്. ജീത്തു ജോസഫിന്റെ ആദ്യത്തെ ഹിന്ദി ചിത്രവുമായിരുന്നു 'ദ ബോഡി'. ഇമ്രാൻ ഹാഷ്‍മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ദീപിക പദുക്കോണിനൊപ്പമുള്ള ഒരു ചിത്രവും ഋഷി കപൂറിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഹിറ്റ് ഹോളിവുഡ് ചിത്രമായ 'ദ ഇന്റേണി'ന്റെ ഹിന്ദി പതിപ്പായിരുന്നു അത്. 2015ല്‍ എത്തിയ ചിത്രം നാൻസി മെയര്‍ ആയിരുന്നു സംവിധാനം ചെയ്‍തത്. അമിതാഭ് ബച്ചനായിരിക്കും ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ഇനി ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ ചലച്ചിത്ര ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച നടൻമാരില്‍ ഒരാളായിരുന്നു ഋഷി കപൂര്‍. അര്‍ബുദ ബാധയെ തുടര്‍ന്ന് 2020 ഏപ്രില്‍ 30ന് രാവിലെയായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഞെട്ടലോടെയാണ് എല്ലാവരും ഋഷി കപൂറിന്റെ മരണ വാര്‍ത്ത കേട്ടത്. ഋഷി കപൂര്‍ ചിത്രം അദ്ദേഹത്തിന്റെ മരണ ശേഷം എത്തുമ്പോള്‍ മികച്ച വരവേല്‍പ് നല്‍കാൻ ഒരുങ്ങുകയാണ് ആരാധകര്‍ ഇപ്പോള്‍.
പ്രമുഖ ഇന്ത്യൻ സിനിമ നടനും സംവിധായകനുമായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട് പ്രിയങ്കരനായ ഇദ്ദേഹം 1973 ൽ 'ബോബി' എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. പ്രണയ നായകനായി ചിത്രങ്ങളില്‍ നിറഞ്ഞാടി ഒരുപാട് വര്‍ഷം ഋഷി കപൂര്‍ പ്രേക്ഷകഹൃദയം കവര്‍ന്നു. അവസാന കാലത്തെ ചിത്രങ്ങളില്‍ നായകനെന്നതിലുപരി മികച്ച കഥാപാത്രങ്ങള്‍ തേടാനാണ് ഋഷി കപൂര്‍ ശ്രമിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ