
തമിഴ് സിനിമാസ്വാദകരെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചൊരു വാർത്തയായിരുന്നു നടൻ റോബോ ശങ്കറിന്റെ വിയോഗം. ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞുവീണ ശങ്കർ ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്ന ശേഷമായിരുന്നു മരിച്ചത്. നാല്പത്തി ആറ് വയസായിരുന്നു. ഒട്ടനവധി സിനിമകളും ഷോകളിലും അഭിനയിച്ച റോബോ ശങ്കർ പോസിറ്റീവിറ്റിയുടെ വക്താവായിരുന്നു. വീട്ടിലായാലും പുറത്തായാലും ഷൂട്ടിംഗ് സെറ്റിലായാലും വളരെ കൂളായി, ചുറ്റുമുള്ളവർ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ച ആൾ. നികത്താനാകാത്ത് നഷ്ടം സമ്മാനിച്ച് റോബോ ശങ്കർ വിടപറഞ്ഞിട്ട് ദിവസങ്ങൾ കഴിയുമ്പോൾ അദ്ദേഹത്തിന്റെ മകൾ ഇന്ദ്രജ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ഏറെ വൈകാരികമായ പോസ്റ്റാണ് ഇന്ദ്രജ പങ്കുവച്ചത്. 'ഇനി ഒരിക്കൽ കൂടി കാണാൻ പറ്റുമോ അപ്പാ. അതെ എന്നാണെങ്കിൽ എന്റെ അടുത്തേക്ക് വരണേ', എന്നാണ് പോസ്റ്റിന് ഇന്ദ്രജ നൽകിയ ക്യാപ്ഷൻ. താൻ ഒപ്പം കുഞ്ഞായിരുന്നപ്പോഴും ശേഷവുമെല്ലാം അച്ഛനൊപ്പം നിൽക്കുന്ന ഫോട്ടോകളും ഒരു റീൽ പോലെ ചെയ്ത് നടി കൂടിയായ ഇന്ദ്രജ പങ്കുവച്ചിട്ടുണ്ട്. ഒരച്ഛനും മകളും തമ്മിലുള്ള സംഭാഷണവും വീഡിയോയ്ക്ക് പശ്ചാത്തലമായി ചേർത്തിട്ടുണ്ട്. എങ്ങോട്ടാണെന്ന് മകൾ ചോദിക്കുമ്പോൾ നീണ്ട യാത്രക്കാണെന്നാണ് വീഡിയോയിലെ അച്ഛൻ പറയുന്നത്. നിങ്ങളെ ഇനി കാണാനാവുമോ എന്ന ചോദ്യത്തിന്, ഉറപ്പായും എന്ന് അച്ഛൻ മറുപടി നൽകുകയും ചെയ്യുന്നുണ്ട്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഒട്ടനവധി പേരാണ് ഇന്ദ്രജയ്ക്ക് ആശ്വസ വാക്കുകൾ അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തിയത്.
വിനോദ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഇന്ദ്രജ ശങ്കർ. 2019ൽ വിജയ്, നയൻതാര കൂട്ടൂകെട്ടിലെത്തിയ ബിഗിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ഇന്ദ്രജ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലെ 'പാണ്ഡിയമ്മ' എന്ന വനിതാ ഫുട്‌ബോൾ കളിക്കാരിയായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സ്വാഭാവിക സ്‌ക്രീൻ സാന്നിധ്യവും ആകർഷകത്വവും ഇന്ദ്രജയെ ഏറെ ശ്രദ്ധേയയാക്കി. 2021-ൽ പാഗൽ എന്ന തെലുങ്ക് ചിത്രത്തിലും ഇന്ദ്രജ അഭിനയിച്ചു. 2022-ൽ വിരുമൻ എന്ന തമിഴ് പടത്തിലും അവർ അഭിനയിച്ചു. തമിഴ് സീസൺ 1ലെ മത്സരാർത്ഥിയുമായിരുന്നു ഇന്ദ്രജ.