'റോക്കട്രി'യുടെ വന്‍ വിജയം; 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയുമായി നിര്‍മ്മാതാവ് വര്‍ഗീസ് മൂലന്‍

Published : Oct 22, 2022, 11:44 AM IST
'റോക്കട്രി'യുടെ വന്‍ വിജയം; 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയുമായി നിര്‍മ്മാതാവ് വര്‍ഗീസ് മൂലന്‍

Synopsis

നിരൂപകശ്രദ്ധയും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രം

കൊച്ചി: ലോകവ്യാപകമായി ചര്‍ച്ചാവിഷയമാവുകയും തിയേറ്ററില്‍ വന്‍ വിജയമാവുകയും ചെയ്ത റോക്കട്രറി- ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ വിജയത്തിലെ സന്തോഷം വ്യത്യസ്തമായി ആഘോഷിച്ച് നിര്‍മ്മാതാവ് വര്‍ഗീസ് മൂലന്‍. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടംപിടിച്ചിരുന്നു. ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ധനരായ 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങുകയാണ് നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ വര്‍ഗീസ് മൂലന്‍.

വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷനും ഇന്ത്യയില പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുക, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിസ് എന്നിവിടങ്ങളിലായിയാണ് കുട്ടികള്‍ക്ക് ചികിത്സ. ശാസ്ത്രക്രിയകള്‍ക്കുള്ള മുന്നൊരുക്കം എന്ന നിലയില്‍ ഒക്ടോബര്‍ 30 രാവിലെ 9.30 ന് അങ്കമാലി ടിബി ജംഗ്ഷനിലെ സിഎസ് ഓഡിറ്റോറിയത്തില്‍ വച്ച് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉത്ഘാടനം ചെയ്യും. നമ്പി നാരായണനെ റോക്കട്രി സിനിമയില്‍ അവതരിപ്പിച്ച നടന്‍ മാധവന്‍, ജില്ലാ കളക്ടര്‍ രേണു രാജ് ഐ.എ.എസ്, റോജി ജോണ്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷന്‍, ഹൃദയ സ്പര്‍ശം (Touch A Heart) പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഇതുവരെ 201 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. കൂടാതെ ഹോം-സ്വീറ്റ്-ഹോം (Home-Sweet-Home) പദ്ധതി വഴി ഒന്നര ഡസനിലധികം വീടുകളും കിന്‍ഡില്‍ എ-കാന്‍ഡില്‍ (Kindle-A-Candle) പദ്ധതി വഴി ഡസന്‍ കണക്കിന് യുവതികള്‍ക്ക് വിവാഹനിധിയും കിഡ്‌നി ട്രാന്‍സ്പ്ലാന്റുകളും, ഫ്ളൈ എ ഫ്ളൈ (Fly-A-Firefly) പദ്ധതി വഴി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും നല്‍കിയിട്ടുണ്ട്.

 

മെഡിക്കല്‍ ക്യാമ്പിന് ശേഷം വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ അങ്കമാലി ടിബി ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന മൂലന്‍സ് ഹൈപ്പര്‍ മാര്‍ട്ടിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല 100 ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങളായി കാര്‍, ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടര്‍ റെഫ്രിജറേറ്റര്‍, സ്വര്‍ണ്ണ നാണയങ്ങള്‍ എന്നിവ വിതരണം ചെയ്യും. അതിന് ശേഷം സൂര്യ അങ്കമാലി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കലാസന്ധ്യയില്‍, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സമുദ്ര എന്ന കണ്ടെംപററി കലാവിരുന്ന് ഉണ്ടായിരിക്കും. വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍, ഫൗണ്ടേഷന്‍ ഡയറക്ടര്‍ വിജയ് മൂലന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, കേരള ആന്‍ഡ് മാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡയക്ടര്‍ ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ്, കാര്‍ഡിയോളജി വിഭാഗത്തിലെ മറ്റു ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പിനെയും രജിസ്‌ട്രേഷനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്  9249500044, 8111988077, 8848834523 എന്നീ നമ്പറുകളിലോ   എന്ന ഇമെയിലിലോ ബന്ധപ്പെടാം. 

ഒരേ സമയം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രമായിരുന്നു റോക്കട്രി. ഷാരൂഖ് ഖാനും സൂര്യയും അതിഥി  വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സിമ്രാനാണ് നായികയായി എത്തിയത്. മാധവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഫിലിസ് ലോഗന്‍, വിന്‍സെന്റ് റിയോട്ട, റോണ്‍ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഘോഷാല്‍,ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു.

ALSO READ : മോഹന്‍ലാലും നിവിന്‍ പോളിയും എത്തിയിട്ടും സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്തി മമ്മൂട്ടി; റോഷാക്ക് മൂന്നാംവാര ലിസ്റ്റ്

ഡോ.വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ച്ചേഴ്സിനൊപ്പം ആര്‍.മാധവന്റെ ട്രൈകളര്‍ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27 ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങിയിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ചുരുങ്ങിയ ദിവസം കൊണ്ട് കയറിയ ചിത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചിരുന്നു.  ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവ്. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ-ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍