
മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്ക്. ഇന്ത്യയ്ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ 7 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. ഇപ്പോഴിതാ ഈ വാരാന്ത്യത്തില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എത്തുകയാണ് ചിത്രം.
യുകെ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക. ഒപ്പം സൗദി അറേബ്യയിലും എത്തിയേക്കും. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും 13 നും യുകെയില്‍ 14 നുമാണ് ചിത്രം എത്തുക. സോഷ്യല്‍ മീഡിയയില്‍ ഇതിനകം വലിയ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്ക് എത്തുന്നതോടെ കളക്ഷനില്‍ കാര്യമായ മുന്നേറ്റം നടത്തുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്‍റെ പ്രതീക്ഷ.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ