
കാതൽ ഗംഭീര പ്രതികരണവുമായി തിയറ്ററിൽ നിറഞ്ഞോടുമ്പോൾ, അതിലെ ഓരോ കഥാപാത്രങ്ങളെ പ്രശംസിച്ചും പ്രേക്ഷകർ രംഗത്ത് എത്തുകയാണ്. അതിലൊരാൾ ആണ് മമ്മൂട്ടിയുടെ അച്ഛൻ കഥാപാത്രം ആയെത്തിയ ദേവസ്യ. ആർ എസ് പണിക്കർ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അധികം സംസാരിക്കാത്ത, എന്നാൽ മകന്റെ വേദന മനസിലാക്കുന്ന, മരുമകൾക്ക് വേണ്ടി നിലകൊണ്ട, മനസിലെ സംഘർഷാവസ്ഥ കൊണ്ടുനടക്കുന്ന ദേവസ്യ എന്ന കഥാപാത്രം അതി ഗംഭീരമായി തന്നെ പണിക്കർ അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെ കുറിച്ചും കാതൽ സിനിമയെ പറ്റിയും മനസുതുറക്കുകയാണ് അദ്ദേഹം.
യാദൃശ്ചികം ആയിട്ടാണ് സിനിമയിൽ എത്തിപ്പെട്ടതെന്ന് ആർ എസ് പണിക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "എനിക്ക് തന്നെ കഥയെ കുറിച്ച് ഒരുപിടിയും ഉണ്ടായിരുന്നില്ല. യാദൃശ്ചികം ആയിട്ടാണ് ഞാൻ ഇതിൽ എത്തിച്ചേരുന്നത്. ആദ്യമായിട്ടാണ് ഞാനൊരു സിനിമ ലൊക്കേഷനിൽ തന്നെ എത്തുന്നത്. മമ്മൂട്ടിയെ പോലൊരു മഹാനടനെ നേരിട്ട് കാണുന്നത് പോലും ആദ്യമായിട്ടാണ്. എന്റെ സ്വപ്നത്തിൽ പോലും ഇല്ലാത്ത മേഖലയാണ് സിനിമ. എന്റെ അയൽവാസിയാണ് കപ്പേള എന്ന സിനിമയിലെ സംവിധായകനും നടനുമായ മുസ്തഫ. അദ്ദേഹം ഒരു ദിവസം സാറിനെ കാണാൻ സിനിമാക്കാർ വരുന്നെന്ന് പറഞ്ഞു. ജിയോ ബേബിയും പോൾസൺ സ്കറിയയും ആദർശ് സുകുമാരൻ അടക്കമുള്ളവർ വന്നു. കാതൽ എന്ന സിനിമയുടെ പണിയിലാണ്. അതിൽ മമ്മൂട്ടിയുടെ അച്ഛന്റെ കഥാപാത്രമായി അഭിനയിക്കാൻ ഒരാളെ വേണം. സാറ് അതിന് ഓക്കെ ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ കിട്ടുന്നത് വലിയ ഭാഗ്യമാണ്. ഞാൻ തയ്യാറാണ്. എന്നെ പറ്റുമോന്ന് നിങ്ങൾ തീരുമാനിച്ചാൽ മതിയെന്നാണ് പറഞ്ഞത്", എന്ന് അദ്ദേഹം പറയുന്നു.
സിനിമയിൽ അഭിനയിക്കാൻ പറ്റുമോന്ന് ചിന്തിച്ച നിമിഷങ്ങൾ ഉണ്ടായെന്നും ആർ എസ് പണിക്കർ പറഞ്ഞു. "എനിക്ക് ഒരു ഓപ്പറോഷൻ വേണ്ടി വന്നു. ആർജിയോ പ്ലാസ്റ്റി ചെയ്തു. ഒക്ടോബർ 10ന് ആയിരുന്നു അത്. ഒക്ടോബർ 26ന് ഷൂട്ട്. എനിക്ക് സിനിമയ്ക്ക് പോകാൻ പറ്റുമോന്ന് പോലും ഭയപ്പെട്ടിരുന്നു. ഒടുവിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആണ് ഞാൻ പോകുന്നത്. വളരെ കൺഫർട്ടബിൾ ആയിരുന്നു. എല്ലാവരും വളരെ സപ്പോർട്ട് ആയിരുന്നു. പ്രത്യേകിച്ച് മമ്മൂട്ടി", എന്നാണ് അദ്ദേഹം പറയുന്നത്.
മമ്മൂട്ടിയുമായുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു ആദ്യത്തേത്. ആദ്യ സീൻ കഴിഞ്ഞ് എന്റെ പെർഫോമൻസിനെ കുറിച്ച് എന്തങ്കിലും ഒരു അഭിപ്രായം പറയാമോന്ന് മമ്മൂട്ടിയോട് ചോദിച്ചു. ഇങ്ങനെ അങ്ങ് പോട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ആത്മവിശ്വാസവും ധൈര്യവും ആയിരുന്നെന്നും ആർ എസ് പണിക്കർ പറയുന്നു.
'തൊട്രാ പാക്കലാം..'; റോബിൻ ബസ് ഇനി ബിഗ് സ്ക്രീനിലും കുതിക്കും, പ്രഖ്യാപനം
കാതലിനെ കുറിച്ചുള്ള ചോദ്യത്തിന്, "ഘനീഭവിച്ച ദുഃഖം ആണ് കാതൽ എന്നാണ് എനിക്ക് തോന്നിയത്. മകന്റെ പ്രശ്നങ്ങൾ മരുമകൾ അനുഭവിക്കുന്ന സംഘർഷം ഇതെല്ലാം എനിക്ക് അറിയാം. എന്റെ കഥാപാത്രം ആകെ സംസാരിക്കുന്നത് മരുമകളുമായിട്ടല്ലേ. അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു. കാതൽ വലിയൊരു മെസേജ് ആണ്. അത് പോസിറ്റീവ് ആയിട്ട് തന്നെ കേരള സമൂഹം എടുക്കുമെന്നാണ് എന്റെ വിശ്വാസം", എന്നായിരുന്നു ആർ എസ് പണിക്കരുടെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ