'ലൊക്കേഷനുകളിലും ഡയലോഗുകളിലും ക്രിസ്ത്യന്‍ വിരുദ്ധത'; 'എമ്പുരാന്‍' വിമര്‍ശനം തുടര്‍ന്ന് ആര്‍എസ്എസ് മുഖപത്രം

Published : Mar 31, 2025, 07:29 PM IST
'ലൊക്കേഷനുകളിലും ഡയലോഗുകളിലും ക്രിസ്ത്യന്‍ വിരുദ്ധത'; 'എമ്പുരാന്‍' വിമര്‍ശനം തുടര്‍ന്ന് ആര്‍എസ്എസ് മുഖപത്രം

Synopsis

ഓര്‍ഗനൈസറിന്‍റെ വെബ്സൈറ്റില്‍ നിരവധി ലേഖനങ്ങളാണ് ചിത്രത്തിനെതിരെ പ്രസിദ്ധീകരിക്കപ്പെട്ടത്

മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ വിമര്‍ശിച്ചുകൊണ്ടുള്ള തുടര്‍ ലേഖനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ ഓര്‍ഗനൈസറിന്‍റെ വെബ്‍സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലേത് ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങള്‍ ആണെന്നാണ് പുതിയ ലേഖനത്തിന്‍റെ കാതല്‍. സിനിമയിലെ സീനുകൾ ചിത്രീകരിച്ച സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പിൽ പോലും ദുരൂഹതയുണ്ടെന്നും ഇത്തരം വിമർശനങ്ങൾ ഇസ്ലാമിനെതിരെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നുമാണ് ലേഖകന്‍ പറയുന്നത്. ക്രിസ്തുമതത്തിനെതിരായതുകൊണ്ട് ആരും പ്രതികരിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. 

ചിത്രത്തിലെ ബിബ്ലിക്കല്‍ റെഫറന്‍സുകളുള്ള സംഭാഷണങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പ്രസ്തുത ലേഖനം ആരംഭിക്കുന്നത്. പിന്നീടാണ് ചിത്രത്തിലെ ലൊക്കേഷനുകളും ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന വാദം ഉയര്‍ത്തുന്നത്. ചിത്രത്തിലെ വിദേശ ലൊക്കേഷനുകളിലൊന്നായി ഇറാഖിലെ ക്വറഗോഷ് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്നും ലേഖകന്‍ ആരോപിക്കുന്നു. ഇതിനെതിരെ ക്രിസ്ത്യാനികള്‍ ഉണര്‍ന്നെണീക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. സംഘപരിവാർ അനുകൂല നിലപാട് സ്ഥിരമായി കൈക്കൊള്ളുന്ന ഒരു വ്യക്തിയുടെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിനിമ ക്രിസ്തുമതത്തിനും എതിരാണെന്ന വിമർശനം ഉയർത്തുന്നത്.

ഖേദം പ്രകടിപ്പിച്ച മോഹൻലാലിനെ ഒഴിവാക്കിനിര്‍ത്തിക്കൊണ്ട് സംവിധായകനായ പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ​ഗോപിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ളതായിരുന്നു ഓര്‍ഗനൈസറിന്‍റെ മുന്‍ ലേഖനങ്ങൾ. സിനിമയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ ഹിന്ദു വിരുദ്ധ നിലപാട് വിമർശിക്കപ്പെടുന്നുവെന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ വക്താവാണെന്നും  സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നിൽ പൃഥിരാജാണെന്നും ഈ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. സിഎഎയ്ക്കെതിരെ കള്ളം പ്രചരിപ്പിച്ചതിൽ പ്രഥ്വിരാജിനും ഇന്ദ്രജിത്തിനും പങ്കുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു.  മുനമ്പം വിഷയത്തിലും ബം​ഗ്ലാദേശിൽ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണത്തിലും മിണ്ടാത്ത പൃഥ്വിരാജിന് ഇരട്ടത്താപ്പാണെന്നും ഓർഗനൈസർ ആക്ഷേപിച്ചിരുന്നു.  അതേസമയം സിനിമയെപ്പറ്റി ബിജെപി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല

ALSO READ : പ്രണയാര്‍ദ്രം ഈ 'അഭിലാഷം'; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു