
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക തിയറ്ററുകളിൽ എത്തിയത്. 'ഓപ്പറേഷൻ ജാവ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർ ഏറെ ആവേശത്തിലും പ്രതീക്ഷയിലും ആയിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ കെ എസ് ശബരിനാഥൻ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നമ്മുടെയൊക്കെ സാധാരണ ജീവിതങ്ങളിൽ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഒരു ഏടാണ് ഈ ചിത്രത്തിന്റെ കാതൽ എന്ന് ശബരിനാഥൻ പറയുന്നു. ലുക്മാനും ബിനു പാപ്പനും സുജിത്ശങ്കറും ഗോകുലനും ധന്യയും മറ്റു അഭിനേതാക്കളും എല്ലാം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയാണ്. സാങ്കേതികമായും ചിത്രം മികച്ചതാണ്. എന്നാലും ഇതിനെക്കാളെല്ലാം ഒരു തൂക്കം മുന്നിൽ നിൽക്കുന്നത് ഉമ്മയുടെ കഥാപാത്രമാണെന്നും ശബരി കുറിച്ചു.
ശബരിനാഥന്റെ വാക്കുകൾ ഇങ്ങനെ
സൗദി വെള്ളക്ക: മാനവികതയുടെ ഒരു അസാധാരണ മുഖം
ഉർവശി തീയേറ്റർസിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘സൗദി വെള്ളക്ക’ എന്നാണ് എന്ന് അടുത്ത സുഹൃത്തും നാട്ടുകാരനുമായ പ്രൊഡ്യൂസർ സന്ദീപ് സേനൻ ഒന്നരവർഷത്തിനു മുമ്പ് അറിയിച്ചപ്പോൾ കൗതുകം തോന്നിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ “ഓപ്പറേഷൻ ജാവ”യിലൂടെ പ്രശസ്തനായ വൈക്കംകാരനായ സുഹൃത്ത് തരുൺമൂർത്തി എന്നാണ് എന്ന് അറിഞ്ഞപ്പോൾ ഇരട്ടി മധുരമായി. രണ്ടുപേരുടെയും മുൻകാല ചിത്രങ്ങളുടെ( ജാവ, തൊണ്ടിമുതൽ) പാറ്റേൺ അറിയാവുന്നതുകൊണ്ട് തമാശയിൽ പൊതിഞ്ഞ ഒരു സോഷ്യൽ സെട്ടയർ ആയിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞു റിലീസ് ഡേറ്റ് ഒന്നുരണ്ട് വട്ടം മാറിയപ്പോൾ അക്ഷമയോടെ കാത്തിരുന്നു. എന്നാൽ ഇന്ന് തീയേറ്ററിൽചിത്രം കണ്ടപ്പോൾ വികാരാധീനനായി. നിസംശയം പറയാ, ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’. നമ്മുടെയൊക്കെ സാധാരണ ജീവിതങ്ങളിൽ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഒരു ഏടാണ് ഈ ചിത്രത്തിന്റെ കാതൽ. “To what extend will you be humane” എന്ന ചോദ്യം ജീവിതത്തിൽ പ്രധാനമാണ്. ഒന്നു ചിരിച്ചുതള്ളേണ്ട, അവഗണിക്കേണ്ട, നിസ്സാരവൽക്കരിക്കേണ്ട ഒരു കാര്യം പരസ്പരം വൈരാഗ്യം കൊണ്ട് കോടതി കയറുമ്പോൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രം. പത്തോ പതിനഞ്ച് വർഷം കൊണ്ട് നാമറിയാതെ ജീവിതങ്ങൾ മാറി മറയുന്നത് ഈ സിനിമ കാണുന്ന എല്ലാവരുടെയും കണ്ണ് നനയ്ക്കും.കൂടുതൽ സ്പോയിലറുകൾ എന്തായാലും ഞാൻ നൽകുന്നില്ല. ലുക്മാനും ബിനു പാപ്പനും സുജിത്ശങ്കറും ഗോകുലനും ധന്യയും മറ്റു അഭിനേതാക്കളും എല്ലാം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയാണ്. സാങ്കേതികമായും ചിത്രം മികച്ചതാണ്. എന്നാലും ഇതിനെക്കാളെല്ലാം ഒരു തൂക്കം മുന്നിൽ നിൽക്കുന്നത് ഉമ്മയുടെ കഥാപാത്രമാണ്. ഉമ്മയുടെ നിർവികാരമായ മുഖവും മിതമായ സംഭാഷണവും മറച്ചുവെക്കുന്നത് അവരുടെ മനസ്സിനുള്ളിലെ സങ്കടക്കടലാണ്. ഈ സങ്കടക്കടലിന്റെ അലയടികൾ പ്രേക്ഷകനെ കുറെയേറെ കാലം ദുഃഖത്തിലാഴ്ത്തും. ഇന്ത്യയുടെ ഓസ്കാർ അവാർഡുകൾക്കുള്ള പരിഗണന പട്ടികയിൽ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. വിഷ്വൽ എഫക്ടും വൻ താരനിരയും ഇല്ലാത്ത ചിത്രങ്ങൾ OTT യിൽ കാണാമെന്ന് ആലോചിക്കുന്ന ഈ കാലത്ത് തിയേറ്ററിൽ പോയി ഈ കൊച്ചു ചിത്രം കുടുംബത്തോടെപോയി ആസ്വദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.അതിനുവേണ്ടി നിങ്ങൾ ചിലവാകുന്ന സമയവും പണവും പാഴാകില്ല.
വെട്രിമാരൻ ചിത്രത്തിന്റെ സെറ്റിൽ അപകടം; സ്റ്റണ്ട് മാൻ മരിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ