'പ്രേമ'മല്ല, ഇനി 'പ്രേമതീരം'; കേരള റിലീസ് പ്രഖ്യാപിച്ച് സായ് പല്ലവിയുടെ വിജയചിത്രം

By Web TeamFirst Published Oct 24, 2021, 3:47 PM IST
Highlights

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി ഒരുമിച്ചെത്തിയ 'ലവ് സ്റ്റോറി'യുടെ മലയാളം മൊഴിമാറ്റ പതിപ്പ്

കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് ചെയ്യപ്പെട്ട തെലുങ്ക് ചിത്രങ്ങളില്‍ ഒന്നായിരുന്നു നാഗ ചൈതന്യയും (Naga Chaitanya) സായ് പല്ലവിയും (Sai Pallavi) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ് സ്റ്റോറി' (Love Story). ചിത്രം തിയറ്ററുകളില്‍ മികച്ച വിജയവും നേടിയിരുന്നു. തിയറ്റര്‍ റിലീസിനു പിന്നാലെ അഹ വീഡിയോയിലൂടെ കഴിഞ്ഞ ദിവസം ഒടിടി റിലീസും ചെയ്യപ്പെട്ടു ഈ ചിത്രം. ഇപ്പോഴിതാ തിയറ്ററുകള്‍ തുറക്കാനിരിക്കുന്ന കേരളത്തിലും ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി ഒരുമിച്ചെത്തിയ 'ലവ് സ്റ്റോറി'യുടെ മലയാളം മൊഴിമാറ്റ പതിപ്പ് 'പ്രേമതീരം' (Prema Theeram) എന്ന പേരിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ശേഖര്‍ കമ്മുലയാണ്. അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. പവന്‍ സി എച്ച് ആണ് സംഗീതം. വിജയ് സി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.

കൊവിഡ് വരുത്തിയ വലിയ ഇടവേളക്ക് ശേഷം തുറക്കുന്ന കേരളത്തിലെ തിയറ്ററുകളിലേക്ക് ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങളാണ്. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 'നോ ടൈം റ്റു ഡൈ' ആണ് ആദ്യ റിലീസ്. ഹോളിവുഡില്‍ നിന്നുതന്നെയുള്ള വെനം 2, ശിവകാര്‍ത്തികേയന്‍റെ തമിഴ് ചിത്രം ഡോക്ടര്‍ എന്നിവ പിന്നാലെയെത്തും. ജോജു ജോര്‍ജിന്‍റെ 'സ്റ്റാര്‍' ആണ് ആദ്യ മലയാളം റിലീസ്. ചിത്രം 29ന് എത്തും. നവംബർ ആദ്യവാരം രജനീകാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി എന്നിവയുമെത്തും. ദുല്‍ഖര്‍ നായകനാവുന്ന കുറുപ്പിന്‍റെ റിലീസ് നവംബര്‍ 12നാണ്. നവംബർ 19ന് ആസിഫ് അലിയുടെ എല്ലാം ശരിയാകും, 25ന് സുരേഷ് ഗോപി ചിത്രം കാവല്‍ എന്നിവയും എത്തും. ജിബൂട്ടി, അജഗജാനന്തരം തുടങ്ങിയവയാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന മറ്റു മലയാളം റിലീസുകള്‍. 

click me!