
‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി(Sai Pallavi). നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സായിക്ക് ഇതിനോടകം സാധിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ പുതിയ ചിത്രം 'ശ്യാം സിൻഹ റോയി' റിലീസ് ചെയ്തത്. ഈ അവസരത്തിൽ വേഷം മാറി തിയറ്ററിലെത്തിയ സായ് പല്ലവിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബുർഖയണിഞ്ഞാണ് സായ് പല്ലവി തിയറ്ററിൽ എത്തിയത്. സ്‌ക്രീനിൽ അഭിനയിച്ച് തകർക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് പ്രേക്ഷകർ ആരുമറിഞ്ഞില്ല. ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററിൽ രാത്രിയിലെ പ്രദർശനത്തിനാണ് സായ് എത്തിയത്. സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും നടിയെ തിരിച്ചറിഞ്ഞില്ല.
നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡിസംബർ 24നാണ് നാനി നായകനായ ശ്യാം സിൻഹ റോയി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയിൽ സായ് പല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എസ് വെങ്കട്ട രത്‍നമാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.