
മുംബൈ:സെയ്ഫ് അലി ഖാൻ്റെ മുംബൈയിലെ വസതിയിൽ കുത്തേറ്റ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷം നടനും ഭാര്യ കരീന കപൂറും പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി രംഗത്ത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് കരീന കപൂറിൻ്റെ ടീം ചൊവ്വാഴ്ച മുംബൈ പാപ്പരാസികളുമായി കൂടിക്കാഴ്ച നടത്തി. ഖാൻ കുടുംബത്തിന് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്.
തങ്ങളുടെ മക്കളായ തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരുടെ ഫോട്ടോകൾ എടുക്കരുത് എന്നാണ് സെയ്ഫും കരീനയും പാപ്പരാസികളോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പാപ്പരാസികൾ തങ്ങളുടെ വസതിക്ക് പുറത്ത് ഒത്തുകൂടരുതെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യാ ടുഡേ പ്രകാരം ഏതെങ്കിലും പൊതു പരിപാടിയിൽ പങ്കെടുത്താൽ കരീനയുടെയും സെയ്ഫിൻ്റെയും ഫോട്ടോകൾ എടുക്കുന്നതില്‍ തടസ്സമില്ലെന്ന് താര ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ എല്ലാ കാര്യത്തിലും ഫോളോ ചെയ്യേണ്ടതില്ലെന്നും പാപ്പരാസികളോട് ഇവര്‍ ആവശ്യപ്പെട്ടു.
ജനുവരി 16 ന് പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ വച്ചാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. നട്ടെല്ലിന് ശത്രക്രിയയ്ക്കും പ്ലാസ്റ്റിക് സർജറികൾക്കും നടന്‍ വിധേയനായി. ജനുവരി 21 ന് നടനെ ഡിസ്ചാർജ് ചെയ്തു. മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ വീട്ടിൽ കടന്ന മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് ആണ് സെയ്ഫിനെ കുത്തിയത് എന്നാണ് പൊലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മുംബൈ പൊലീസ്.
കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം സെയ്ഫ് ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട് ബാന്ദ്രയിലെ വസതിയിൽ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം മാധ്യമങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.
അതേ സമയം ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലിഖാന്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം വേഗത്തിൽ അനുവദിച്ചത് വിവാദമാകുന്നുണ്ട്. ഇൻഷുറൻസ് തുക അനുവദിച്ചതിൽ സെയ്ഫ് അലി ഖാന് നൽകിയ മുൻഗണനയെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന മെഡിക്കൽ ബോഡി ചോദ്യം ചെയ്തു.
അതേ സമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പൊലീസിനെ അമ്പരപ്പിച്ച് വിരലടയാള റിപ്പോർട്ട്. നടന്റെ വസതിയിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും സംഭവത്തിൽ അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതുമായി ഇല്ലെന്നതാണ് പൊലീസിനെ ഞെട്ടിച്ചിരിക്കുന്നതെന്നാണ് എൻഡി ടിവി റിപ്പോർട്ട് വിശദമാക്കുന്നത്.
സെയ്ഫ് അലി ഖാന് വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റേത് ഇല്ലെന്ന് മുംബൈ പൊലീസിൽ നിന്നുള്ള വിവരത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സംസ്ഥാന സിഐഡി വകുപ്പാണ് ഇക്കാര്യം മുംബൈ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ നടന്റെ വീട്ടിൽ നിന്ന് കൂടുതൽ വിരലടയാളം ശേകരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘമുള്ളത്.
സെയ്ഫ് അലിഖാനെതിരായ ആക്രമണം: ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേട്