പതിനാറാം തീയതി പുലർച്ചെ 2.30നാണ് ആക്രമണം നടന്നത്. എന്നാൽ നടനെ എത്തിച്ചത് പുലർച്ചെ 4.10ന് എന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാകുന്നു.
ദില്ലി: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേട്. നടന് ആറു കുത്തേറ്റെന്ന് നേരത്തെ വാര്‍ത്താകുറിപ്പിറക്കിയ ലീലാവതി ആശുപത്രിയുടെ രേഖകളിലുള്ളത് അഞ്ചെണ്ണം മാത്രമാണ്. ഇതിനിടെ പ്രതി ഷെരിഫുള്‍ ഇസ്ലാം നിരപരാധിയെന്ന് ബംഗ്ലാദേശിലുള്ള പിതാവ് പ്രതികരിച്ചു. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച പ്രതിയെ കോടതി റിമാന്‍റു ചെയ്തു.
ബാന്ദ്ര വെസ്റ്റിലുള്ള നടന്‍റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ലീലാവതി ആശുപത്രിയുടെ രേഖകളില്‍ നടനെത്തിയത് 4.10ന്. ഫ്ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെയാണ് മണിക്കൂറുകളുടെ വത്യാസം. എത്തുന്പോള്‍ മകന്‍ ഏഴു വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്സാര്‍ സെയ്തി.
കുത്തേറ്റ മുറിവുകളിലുമുണ്ട് പൊരുത്തക്കേട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ ആറു മുറിവുകള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രം. ഇനി നടന്‍ പോലീസിന് നല്‍കിയ വിവരങ്ങളാണ്. അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി.
അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടൻ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ പ്രതി ഷെരിഫുള്‍ ഇസ്ലാമിനെ കുടുക്കിയതാണെന്നായിരുന്നു പിതാവ് മുഹമ്മദ് രുഹുല്‍ അമീന്‍ ഫക്കീരിന്‍റെ പ്രതികരണം. പോലീസ് അന്വേഷണം നേരായ വഴിയിലല്ല നടന്നതെന്നും സിസിടിവിയിലുള്ള ആളല്ല തന്‍റെ മകനെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.

