
മലയാളത്തില്‍ നിന്ന് അടുത്തതായി എത്തുന്ന ഒടിടി സിരീസ് ആണ് സംഭവ വിവരണം നാലര സംഘം (ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ഗ്യാങ്). കൃഷാന്ദ് സംവിധാനം ചെയ്തിരിക്കുന്ന സിരീസ് സോണി ലിവിലൂടെ നാളെയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഇപ്പോഴിതാ സിരീസിന്‍റെ ആദ്യ പകുതിയുടെ പ്രിവ്യൂ കണ്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ സജിന്‍ ബാബു. എറണാകുളം ഷേണായ്സ് തിയറ്ററില്‍ ആയിരുന്നു സിരീസിന്‍റെ പ്രിവ്യൂ നടന്നത്.
സജിന്‍ ബാബു കുറിക്കുന്നു
“ഇന്നലെ വൈകുന്നേരം മാൻകൈൻഡ് സിനിമാസിന്റെ ബാനറിൽ ജോമോൻ ജോസഫ് നിർമ്മിച്ച് പ്രിയ സംവിധായകൻ കൃഷാന്ദ് സോണി ലിവിന് വേണ്ടി ഏഴുതി, സംവിധാനം നിർവ്വഹിച്ച “സംഭവ വിവരണം നാലര സംഘം” എന്ന 6 എപ്പിസോഡുള്ള സിരീസിന്റെ ആദ്യ പകുതിയുടെ പ്രിവ്യൂ ഷേണായിസിൽ കാണാൻ അവസരം ലഭിച്ചു. മേക്കിംഗിലും എഡിറ്റിംഗിലും മ്യൂസിക്കിലും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മലയാളത്തിൽ നിന്നും ഇതുവരെ ഒരു ഒടിടിയിൽ പുറത്ത് ഇറങ്ങിയിട്ടുള്ള സീരീസിൽ ഏറ്റവും മികച്ചതായും കിടിലമായും അനുഭവപ്പെട്ടു. അടുത്ത മൂന്ന് എപ്പിസോഡുകൾ നാളെ റിലിസ് ആകുമ്പോൾ കാണാനായി കട്ട വെയ്റ്റിംഗ് ആണ്. സിരീസിൽ എടുത്ത് പറയാവുന്ന പെർഫോമാൻസ് പലരും കാഴ്ചവച്ചെങ്കിലും വിഷ്ണു അഗസ്ത്യ എന്ന നടന്റെ അസാമാന്യ പെർഫോമൻസ് വല്ലാതെ അത്ഭുതപെടുത്തി. അദ്ദേഹം ഇതുവരെ അഭിനയിച്ച് ഞാൻ കണ്ടിട്ടുള്ള എല്ലാ ചിത്രങ്ങളിലേയും പലതരത്തിലുള്ള കഥാപാത്രങ്ങളെ വ്യത്യസ്തമായും അനായാസതയോടും അവതരിപ്പിക്കുന്നത് കാണുമ്പോൾ ഏറെ വൈകാതെ നാളത്തെ മലയാള സിനിമയിൽ പൊട്ടൻഷ്യൽ ഉള്ള ഒരു സൂപ്പർ സ്റ്റാർ ആക്ടർ ആകും എന്നതിൽ ഒരു സംശയവും തോന്നുന്നില്ല. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.”
ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ എന്നിവരാണ് സിരീസിലെ പ്രധാന കഥാപാത്രങ്ങള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിരീസ് കാണാനാവും. കടുപ്പമുള്ള യാഥാർത്ഥ്യങ്ങളും ഡാർക്ക് കോമഡിയും സമന്വയിപ്പിച്ച് കൃഷാന്ദ് ഒരുക്കിയിരിക്കുന്ന സിരീസ് ആണ് ഇത്. തിരുവനന്തപുരമാണ് കഥയുടെ പശ്ചാത്തലം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ഡാർക്ക് ആക്ഷൻ കോമഡി ഒരുക്കിയിരിക്കുന്നത്. ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും പൊക്കം കുറഞ്ഞ ഒരാളും. ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങി കൂടി ജീവിച്ച് മടുത്തവർ. അവർക്ക് വേണ്ടത് ഒന്ന് മാത്രം- മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം.