'ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക', പിന്തുണയുമായി സലിം കുമാര്‍

By Web TeamFirst Published May 24, 2021, 8:22 PM IST
Highlights

ലക്ഷദ്വീപിനെ ചേര്‍ത്തുനിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്ന് നടൻ സലിം കുമാര്‍.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ ചേര്‍ത്തുനിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്ന് നടൻ സലിം കുമാര്‍. ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‍കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ലക്ഷദ്വീപിലെ ആള്‍ക്കാരെ സംരക്ഷിക്കണം. ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കണമെന്നുമാണ് സലിം കുമാര്‍ എഴുതിയിരിക്കുന്നത്.

സലിം കുമാറിന്റെ കുറിപ്പ്

"അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,
ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.
പിന്നീടവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു തൊഴിലാളി അല്ല.
പിന്നീടവർ ജൂതൻമാരെ തേടി വന്നു.
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല."

- ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്‍തിത്വവും  സംസ്‍കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‍കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.
ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക.

click me!