
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തന്റെ പുതിയ ചിത്രമായ 'ബാറ്റിൽ ഓഫ് ഗൽവാൻ'ന്‍റെ ചിത്രീകരണം ഓഗസ്റ്റിൽ കശ്മീരിൽ ആരംഭിക്കും എന്ന് വിവരം. 2020-ൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ നടന്ന ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം, ഇന്ത്യൻ സൈന്യത്തിന്‍റെ പോരാട്ടകഥയാണ് ബിഗ് സ്ക്രീനില്‍ ആവിഷ്കരിക്കുന്നത്. അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൽമാൻ ഖാൻ കേണൽ ബി. സന്തോഷ് ബാബുവിന്റെ വേഷത്തിലാണ് എത്തുന്നത്.
ബോളിവുഡ് ബബിൾ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ ആരംഭിക്കും, തുടർന്ന് മുംബൈയിലും വീണ്ടും കശ്മീരിലും ചിത്രീകരണം നടക്കും. ഓഗസ്റ്റ് 3 മുതൽ മുംബൈയിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നും. ലഡാക്കിലെ യഥാർത്ഥ ലൊക്കേഷനുകളിൽ നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 നവംബറോടെ ചിത്രീകരണം പൂർത്തിയാക്കി 2026ല്‍ ചിത്രം തീയറ്ററില്‍ എത്തും എന്നാണ് വിവരം.
2020 ജൂൺ 15-ന് ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 15,000 അടി ഉയരത്തിൽ നടന്ന ഇന്ത്യ-ചൈന സൈനിക സംഘർഷമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ആയുധങ്ങൾ ഉപയോഗിക്കാതെ, വടികളും കല്ലുകളും ഉപയോഗിച്ച് നടന്ന ഈ പോരാട്ടം 45 വർഷത്തിനിടെ ഇന്ത്യ-ചൈന അതിർത്തിയില്‍ നടന്ന ഏക രക്തരൂക്ഷിതമായ പോരാട്ടാണ്.
കേണൽ ബി. സന്തോഷ് ബാബു അടക്കം 20 ഇന്ത്യന്‍ സൈനികര്‍ ഈ സംഘർഷത്തിൽ വീരമൃത്യു വരിച്ചു. ചൈനീസ് ഭാഗത്ത് എത്രപേര്‍ കൊല്ലപ്പെട്ടു എന്ന് ഔദ്യോഗികമായി വ്യക്തമല്ലെങ്കിലും 40 പേര്‍ എന്ന കണക്ക് അടക്കം പുറത്തുവന്നിരുന്നു. ഇന്ത്യൻ സൈന്യത്തിന്‍റെ പോരാട്ട വീര്യവും, ധൈര്യവും ത്യാഗവും എല്ലാം ചിത്രത്തിലൂടെ സ്ക്രീനില്‍ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ജൂലൈ 4-ന് സൽമാൻ ഖാൻ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. രക്തം പുരണ്ട മുഖവും മീശയും ധൈര്യം നിറഞ്ഞ കണ്ണുകളുമായി ഒരു സൈനികന്‍റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സൽമാൻ ഫസ്റ്റ്ലുക്ക് ആരാധകർക്കിടയിൽ വൻ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
സൽമാൻ ഖാന്റെ മുൻ ചിത്രമായ 'സിക്കന്ദർ' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും, 'ബാറ്റിൽ ഓഫ് ഗൽവാൻ' സല്‍മാന്‍റെ വലിയ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ്.