‘കുടുംബത്തിന് പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിദ്വേഷ സന്ദേശങ്ങൾ വരുന്നു’; ആര്യൻ ഖാന്‍റെ സീരീസിനെതിരെ സമീർ വാങ്കഡെ

Published : Oct 12, 2025, 06:36 AM IST
 Aryan Khan web series controversy

Synopsis

ഷാരൂഖ് ഖാന്‍റെയും ഭാര്യ ഗൌരിയുടെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും നെറ്റ്ഫ്ലിക്സിനും എതിരെയാണ് സമീര്‍ വാങ്കഡെ മാനനഷ്ടകേസ് നൽകിയത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത വെബ് സീരീസ് 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് തുടരുകയാണ്. പിന്നാലെ വിവാദങ്ങളും എത്തി. ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ സീരീസിനെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുകയാണ്. കുടുംബത്തിന് പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിദ്വേഷ സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് സമീർ വാങ്കഡെ ആരോപിച്ചു. ഷാരൂഖ് ഖാന്‍റെയും ഭാര്യ ഗൌരിയുടെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും നെറ്റ്ഫ്ലിക്സിനും എതിരെയാണ് മാനനഷ്ടകേസ് നൽകിയത്.

"എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടതല്ല ഈ കേസ്. വ്യക്തിപരമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നടപടികളെക്കുറിച്ചോ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഇപ്പോൾ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്"- സമീർ വാങ്കഡെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. താന്‍ പ്രശസ്തിക്ക് വേണ്ടിയല്ല, മറിച്ച് ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കാനാണ് നിയമ പോരാട്ടം നടത്തുന്നതെന്ന് സമീര്‍ വാങ്കഡെ അവകാശപ്പെട്ടു. ഷാരൂഖ് ഖാനോട് വ്യക്തിപരമായ വിരോധമുണ്ടോ എന്ന ചോദ്യത്തിന് വാങ്കഡെ നൽകിയ മറുപടി താന്‍ നിയമവും ഭരണഘടനയും പാലിക്കുന്ന ഉദ്യോഗസ്ഥനാണ് എന്നാണ്- 

'സീരീസില്‍ നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥനെ കാണിച്ചത് ആക്ഷേപഹാസ്യ രൂപത്തിലാണെന്നാണ് അറിഞ്ഞത്. മൂന്ന് കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന് ഞാന്‍ എന്റെ കുടുംബത്തിന്‍റെയും സ്ത്രീകളുടെയും അഭിമാനത്തിന് വേണ്ടിയാണ് പോരാടുന്നത്. ഓരോ വ്യക്തിക്കും ആത്മാഭിമാനം പ്രധാനപ്പെട്ടതാണ്. രണ്ടാമതായി, എന്‍സിബി, കസ്റ്റംസ് പോലുള്ള ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ അഭിമാനം. മയക്കുമരുന്നിനെതിരായ പോരാട്ടം ഗൗരവമേറിയ ഒന്നാണ്. അതിനായി സ്വന്തം ജീവൻ അപകടപ്പെടുത്തുന്നവരാണ് ഉദ്യോഗസ്ഥര്‍. മയക്കുമരുന്നിനെതിരായ ദൗത്യങ്ങള്‍ക്കിടെ ആക്രമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ ഹാസ്യരൂപേണ ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മൂന്നാമതായി ദേശീയ ചിഹ്നത്തോടുള്ള ആദരവുമായി ബന്ധപ്പെട്ട വിഷയമാണ്. പൗരനെന്ന നിലയില്‍ ഇതിനെല്ലാമെതിരെ ഞാന്‍ തീര്‍ച്ചയായും പോരാടും”

 

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്