Latest Videos

'ദര്‍ശനാ' വൈകാതെ കാസറ്റില്‍ കേള്‍ക്കാം; ജപ്പാനില്‍ നിന്ന് സാംപിള്‍ എത്തിയെന്ന് വിനീത് ശ്രീനിവാസന്‍

By Web TeamFirst Published Oct 31, 2021, 11:59 AM IST
Highlights

ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണ് ഉള്ളതെന്ന് വിനീത് നേരത്തെ അറിയിച്ചിരുന്നു

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ പുറത്തെത്തിയ ആദ്യ ഗാനം ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളിലുണ്ട്. അഞ്ച് ദിവസം കൊണ്ട് 74 ലക്ഷത്തോളം കാഴ്ചകളാണ് യുട്യൂബില്‍ ഈ വീഡിയോ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയാ സ്റ്റാറ്റസുകള്‍ അടക്കിഭരിച്ച ഗാനവുമായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനങ്ങളെ സംബന്ധിച്ച് മറ്റൊരു സന്തോഷം കൂടി പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. 

'ഹൃദയം' സംഗീതമയം; പ്രണവ് നായകനാവുന്ന ചിത്രത്തില്‍ 15 പാട്ടുകളെന്ന് വിനീത് ശ്രീനിവാസന്‍

ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണ് ഉള്ളതെന്ന് വിനീത് നേരത്തെ അറിയിച്ചിരുന്നു. പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഓഡിയോ സിഡികളായും പുറത്തിറക്കുമെന്നും. ഇപ്പോഴിതാ ഓഡിയോ കാസറ്റുകളുടെ സാംപിള്‍ ജപ്പാനില്‍ നിന്ന് എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്. റെക്കോര്‍ഡ് ചെയ്‍ത് പരിശോധിച്ചെന്നും മാസ്റ്റര്‍ ചെയ്‍ത ട്രാക്കുകള്‍ ജപ്പാനിലെ കാസറ്റ് നിര്‍മ്മാതാക്കള്‍ക്ക് അയച്ചുകൊടുത്തെന്നും വിനീത് പറയുന്നു. "കാസറ്റുകളുടെ പ്രീ-ഓര്‍ഡര്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയില്‍ ഒരു പതിറ്റാണ്ടിനുശേഷമാണ് ഇത് വീണ്ടും നടക്കുന്നത്. ഒരുപാട് നാളായുണ്ടായിരുന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്", സാംപിള്‍ കാസറ്റിന്‍റെ ചിത്രത്തിനും വീഡിയോയ്ക്കുമൊപ്പം വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വിനീത് സംവിധാനം ചെയ്‍ത കഴിഞ്ഞ നാല് ചിത്രങ്ങളിലും പാട്ടുകള്‍ ഒരുക്കിയത് ഷാന്‍ റഹ്മാന്‍ ആയിരുന്നെങ്കില്‍ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. പ്രണവ് നായകനാവുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

click me!