
'പടക്കളം' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ യൂത്ത് സെസേഷനായി മാറിയ താരമാണ് സന്ദീപ് പ്രദീപ്. സന്ദീപ് നായകനായി എത്തിയ 'എക്കോ' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. കിഷ്കിന്ധാ കാണ്ഡം ടീം വീണ്ടുമൊന്നിച്ച ചിത്രം മിസ്റ്ററി ത്രില്ലർ ഴോണറിലാണ് തിയേറ്ററുകളിൽ എത്തിയത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബാഹുൽ രമേശ് ആണ്. ഇപ്പോഴിതാ തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് താരം. എക്കോയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.
"ബാക്കിയുള്ള കാര്യങ്ങളിൽ നമുക്കൊരാളോട് ഒരു സഹായം ചോദിക്കാം. സിനിമ ഒരു ടേസ്റ്റിന്റെ കൂടി ബിസിനസ്സാണ്. നമുക്ക് ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റ് ഉണ്ടല്ലോ. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലപ്പോൾ നമുക്ക് അത് ഒരുപോലെ ഇഷ്ടപ്പെട്ടു എന്നും വരാം. അത് ഓരോരുത്തരുടെയും ടേസ്റ്റാണ്. അപ്പോൾ അത് ജഡ്ജ് ചെയ്യാൻ ഞാനൊരാളെ വച്ചു കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ ടേസ്റ്റും എന്റെ ടേസ്റ്റും തമ്മിൽ ചിലപ്പോൾ മാച്ച് ആകണമെന്നില്ല. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ എനിക്ക് തന്നെയല്ലേ തിരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് പരമാവധി എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്." സന്ദീപ് പറയുന്നു.
"ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ ഒരു അമ്പത് ശതമാനവും ഞാനിത് ചെയ്യണമെന്ന് വിചാരിച്ച് തന്നെയാണ് കഥ കേൾക്കാൻ പോകുന്നത്. അപ്പോൾ തന്നെ ഞാൻ ആവേശത്തിലായിരുന്നു. 'ചേട്ടാ വേഗം താ, വായിക്കാം' അങ്ങനെയൊരു മൈൻഡിലാണ് ഞാൻ നിന്നത്.
സിനിമ കാണുമ്പോൾ ഒരു ബ്യൂട്ടി, കാരക്ടറിന്റെ ആർക്ക്, നായ്ക്കളുടെ രീതി ഇതെല്ലാം വളരെ വ്യക്തതയോടെ തന്നെ ബാഹുലേട്ടൻ എഴുതി വച്ചിട്ടുണ്ടായിരുന്നു. നമുക്ക് മേക്കിങ്ങിൽ പിടിക്കാം, എന്നൊരു പരിപാടിയല്ല. നമുക്ക് വായിക്കുമ്പോൾ തന്നെ ഇതാണ് അവിടെ സംഭവിക്കാൻ പോകുന്നതെന്ന കാര്യം നമ്മുടെ ഭാവനയിൽ വരും." സന്ദീപ് പറയുന്നു
"മിസ്റ്ററി എന്ന ഴോണറിന്റെ രസം എന്താണെന്ന് എനിക്കറിയിലായിരുന്നു, ഞാൻ ചെയ്ത പടങ്ങളെല്ലാം വ്യത്യസ്ത ഴോണറിലുള്ള സിനിമകളായിരുന്നു. ആദ്യമായിട്ടാണ് ഒരു മിസ്റ്ററി ഴോണർ സിനിമ ചെയ്യുന്നത്. ഞാൻ പൊതുവേ തിരക്കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ആദ്യമായിട്ടാണ് ഞാനൊരു തിരക്കഥ വായിക്കുന്നത്. വായിച്ചു തുടങ്ങിയപ്പോൾ, മിസ്റ്ററി വായിക്കുന്നതിന്റെ ഒരു ഹൈ എനിക്ക് തോന്നി. അതാണ് എന്നെ ഈ സിനിമയിലേക്ക് ആദ്യം ആകർഷിച്ചത്." സന്ദീപ് കൂട്ടിച്ചേർത്തു.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിലജിയിലെ അവസാന ഭാഗമാണ് എക്കോ. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിലജിയില്‍. എന്നാല്‍ കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് ഈ കഥകള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്താനും. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത് ,അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ബാഹുൽ രമേശ് തന്നെ നിർവ്വഹിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ