
നവ മലയാള സിനിമയിലെ ബെഞ്ച് മാർക്കുകളിലൊന്നായി മാറിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയി’ലൂടെ, ആദ്യ സിനിമയിൽ തന്നെ മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയും പിന്നീട് മൂന്ന് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്ത എഴുത്തുകാരന്‍ ആദ്യമായി സിനിമയെടുക്കുന്നത് മലയാളത്തിലല്ല എന്നൊരു കൗതുകമാണ് സജീവ് പാഴൂരിന്‍റെ സിനിമാ ജീവിതം. സിനിമ പോലെ തന്നെ എല്ലാം യാദൃച്ഛികമായിരുന്നുവെന്ന് സജീവ് പറയുന്നു. ആദ്യമായി സംവിധാനം ചെയ്യുന്നത് തമിഴ് ചിത്രമായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രീകരണവും മറ്റ് കടമ്പകളുമെല്ലാം പിന്നിട്ട് 'എന്ന വിലൈ?' റിലീസിനൊരുങ്ങുകയാണ്. ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച്, തമിഴ് സിനിമാ ലോകത്തേക്കുള്ള കാൽവെപ്പിനെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പാഴൂർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ഒരു സിനിമ സംവിധാനം ചെയ്യുന്നത് ആദ്യം തമിഴിലായിരിക്കണമെന്ന് പണ്ടേ തീരുമാനിച്ചതാണ്. ഞാനുമായി നല്ല അടുപ്പമുള്ള എല്ലാവർക്കും അറിയാവുന്നതാണ് അക്കാര്യം. ഉചിതമായൊരു കഥയിലേയുള്ള കാത്തിരിപ്പായിരുന്നു. ചെയ്യണം എന്ന് തോന്നിപ്പിച്ച ഒരു കഥ വന്നു. തമിഴിൽ അത് ഇപ്പോൾ സിനിമയാക്കി. അതാണ് സംഭവിച്ചത്. ഇതിന് മുൻപ് ഞാൻ തമിഴിൽ ചെയ്യാൻ ആഗ്രഹിച്ചതും ശ്രമിച്ചതും തൊണ്ടി മുതലിൻ്റ കഥയായിരുന്നു. ബഹുദൂരം അതുമായി മുന്നോട്ട് പോയതുമാണ്.
എന്നെ വിലൈ എന്ന സിനിമയിലേക്ക് എത്തുന്നതിന് ചില ആകസ്മികതകളുണ്ട്. രാമേശ്വരത്ത് അഗ്നി തീർഥത്തിൽ ഷൂട്ടിങ്ങ് നടക്കുകയാണ്. കോവിഡ് കഴിഞ്ഞ് ജനങ്ങൾ ഭയം മാറി പുറത്തേക്കിറങ്ങി തുടങ്ങിയ കാലമാണ്. സംവിധായകൻ നാദിർഷ മോണിറ്ററിന് പിന്നിൽ. തൊട്ടരികെ ഞാൻ . പിന്നെ ഉർവ്വശി ചേച്ചി. നാദിർഷക്കും മോണിറ്ററിനും ഇടയിലെ ചെറിയ വിടവിലൂടെ കടലിൽ കണ്ടൊരു കാഴ്ചയാണ് ഈ സിനിമ. അപ്പോൾ തന്നെ ഉർവശി ചേച്ചിയോട് കാര്യം പറഞ്ഞു. ചേച്ചി പ്രോത്സാഹിപ്പിച്ചു. ഒരാഴ്ചക്കകം മുഴുനീള കഥ പറഞ്ഞു. അതിപ്പോൾ സിനിമയായി.
‘എന്ന വിലൈ’ എന്നതിന് എന്താണ് വിലയെന്ന് ലളിതമായ അർഥമാണുള്ളത്. പക്ഷെ, ആ വാക്കിനപ്പുറം വിലയുള്ള ചിലതാണ് ഈ സിനിമയിൽ പറയാൻ ശ്രമിട്ടിട്ടുള്ളത്. കലാമയ ഫിലിംസ് ഇന്ത്യക്ക് വേണ്ടി ജിതേഷ് വിശ്വംഭരനാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ക്യാമറ - ആൽബി , സംഗീതം: സാം CS , എഡിറ്റിങ് ശ്രീജിത്ത് സാരംഗ് , സൗണ്ട് ഡിസൈൻ- തപസ് നായിക്ക്.
വ്യത്യസ്തമായ കാസ്റ്റിങ് വേണമെന്ന് ആഗ്രഹിച്ചിരുന്നു - താരങ്ങൾ എന്നതിനപ്പുറം അഭിനേതാക്കൾ എന്നതിന് പ്രാധാന്യം നൽകി. അങ്ങനെയാണ് കരുണാസിലേക്ക് എത്തിയത്. തൊണ്ടി മുതലിന് ശേഷം നിമിഷക്കൊപ്പം ഒരു പടം ചെയ്യുമ്പോൾ അത് അവൾക്കും പ്രത്യേകിച്ച് ചിലത് ചെയ്യാൻ കഴിക്കുന്നതാവണമെന്നത് തീരുമാനിച്ചിരുന്നു. ഇന്ത്യയാകെ മികച്ച നടിയായി അറിയുന്ന എന്നാൽ നമ്മുടെ അനിയത്തി കുട്ടിയായ നിമിഷയും എന്നൈ വിലൈയിൽ എത്തി . തമിഴിൽ നിമിഷയുടെ അഭിനയത്തിൻ്റെ ആരാധക വൃന്ദം ശക്തമാണ്. തമിഴിലെ അതിപ്രഗത്ഭരായ ഒരു പറ്റം താരങ്ങൾ കൂടി ഈ സിനിമയിലുണ്ട്.
ഈ സിനിമ ചില വിഷയങ്ങൾ പറയാൻ നടത്തുന്ന ശ്രമമാണ്. ഈ കഥാ പരിസരം മലയാളത്തിനോ മറ്റ് ഭാഷകളിലോ തീർത്തും യോജിക്കുന്നതല്ല. രാമേശ്വരത്ത് മാത്രമായി സംഭവിക്കുന്ന ഒരു കഥയാണ്. ഈ കഥ ലഭിച്ചതു മുതൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളതും താമസിച്ചതും രാമേശ്വരത്താണ്. തിരക്കഥ രചനക്ക് ആ ജൈവബന്ധം ആവശ്യമായിരുന്നു. ഏറെ സന്തോഷത്തോടെ പൂർത്തിയാക്കിയതാണ് ഇതിൻ്റെ തിരക്കഥ.
മലയാള സിനിമയോടും മലയാളി സാങ്കേതിക പ്രവർത്തകരോടും തമിഴ് സിനിമാ പ്രവർത്തകരുടെ സ്നേഹ ബഹുമാനം വളരെ വലുതാണ്. പൊതുവിൽ തമിഴിനോട് അമിത താൽപര്യമുള്ള എനിക്ക് തമിഴ് ചലച്ചിത്ര ലോകത്തിനോട് കുറച്ച് കടന്ന ഇഷ്ടമുണ്ട്. സിനിമ സ്വപ്നം കണ്ടപ്പോൾ വടപളനിയിൽ കറങ്ങുന്ന AVM ഗ്ലോബ് മറക്കില്ലല്ലോ. ഇപ്പോൾ ആ സ്റ്റുഡിയോയിൽ നമ്മുടെ പടം വർക്ക് ചെയ്യുന്നത് അടി പൊളിയല്ലെ
സിനിമ കുറെ കൂടി സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ട്. വിനോദോപാധി എന്നതിനപ്പുറം സിനിമക്ക് വളർച്ച ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോഴത്തെ അനാവശ്യ നിയന്ത്രണങ്ങളും വിവാദങ്ങളും മാറ്റി വയ്ക്കേണ്ടതാണ്. കാലാനുസൃതവും ഗുണകരവുമായ മാറ്റങ്ങളാണ് സെൻഷർ ഷിപ്പിൽ വരേണ്ടത്. പകരം അദ്യശ്യമായ ഒരു സെൻസറിങ് സിനിമയുടെ തലച്ചോറിൽ അടിച്ചേൽപ്പിക്കയല്ല വേണ്ടത്. തിരക്കഥാകൃത്ത് സമ്മർദത്തിലാണ്. എഴുതാൻ തുടങ്ങും മുന്നേ അയാൾ ചിന്തകളെ സെൻസർ ചെയ്യാൻ നിർബന്ധിതനാകുന്നു. മൂലധനം അതിന് ആവശ്യപ്പെടുന്നു.
സിനിമയുടെ എഴുത്ത് പുതിയ കാലത്ത് കൂടുതൽ സങ്കീർണമാവുകയാണ്. അതിൽ പ്രധാനം - വ്യത്യസ്തതയാർന്ന കണ്ടൻ്റുകളുടെ ആവശ്യമാണ്. ഔട്ട് ഓഫ് ദി ബോക്സ് - അത് മാത്രമായി മാറിയിരിക്കുന്നു എല്ലാവരുടെയും ആലോചന . അതാണ് ഊർജം. അതിനുള്ള അധ്വാനം സന്തോഷം തരുന്നതാണ് . അത്തരം ഒർജിനൽ കണ്ടൻ്റുകൾ കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും സന്തോഷം തരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ