
ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാളത്തിന് സമ്മാനിച്ച സിനിമ ആയിരുന്നു മല്ലു സിംഗ്. ചിത്രത്തിൽ ഹർവീന്ദർ സിംഗ് എന്ന മാസ് കഥാപാത്രത്തിന് വലിയ കയ്യടികൾ ലഭിച്ചിരുന്നു. എന്നാൽ ആദ്യം ഈ കഥാപാത്രം ചെയ്യാൻ ഉണ്ണി മുകുന്ദനെ അല്ല സമീപിച്ചതെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സേതു. മോഹൻലാലോ പൃഥ്വിരാജോ ആയിരുന്നു ആ സ്ഥാനത്തേക്ക് വരേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"ഞാൻ സ്വതന്ത്രനായി എഴുതിയ സിനിമയാണ് മല്ലു സിംഗ്. അൻവർ റഷീദ് ഡയറക്ഷൻ. ലാലേട്ടൻ ആണ് ഹീറോ ആകുന്ന സിനിമയ്ക്കായി ഞങ്ങൾ കഥ ഒരുക്കാനിരുന്നതാണ്. അന്ന് ലാലേട്ടന് പറ്റിയ കഥകൾ ആലോചിക്കുമ്പോൾ, മല്ലു സിങ്ങിന്റെ ത്രെഡ് ഞാൻ പറഞ്ഞിരുന്നു. അന്ന് ടൈറ്റിൽ ഇല്ല. പക്ഷേ അതിനോട് സച്ചിക്ക് പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയുള്ള സംഭവം ഇല്ലെന്ന രീതിയിലുള്ള തർക്കങ്ങൾക്ക് ഒടുവിൽ വേണ്ടെന്ന് വച്ചു. അതേസമയത്ത് തന്നെ റൺ ബേബിയുടെ എലമെന്റ് സച്ചിയും പറഞ്ഞിരുന്നു. അതെനിക്കും പൊരുത്തപ്പെടാൻ പറ്റിയില്ല. പക്ഷേ ഞങ്ങൾ സ്വതന്ത്രരായി കഴിഞ്ഞപ്പോൾ ഞാൻ ആദ്യം എഴുതുന്നത് മല്ലു സിംഗ് ആണ്. സച്ചി റൺ ബേബി റണ്ണും. ഭാഗ്യവശാൽ രണ്ടും ഹിറ്റ് ആയിരുന്നു. പൃഥ്വിരാജ് ആയിരുന്നു മല്ലു സിങ്ങിന്റെ ഫസ്റ്റ് ഓപ്ഷൻ. പൃഥ്വിരാജിനെ വച്ചാണ് എഴുതി തുടങ്ങുന്നത്. രാജു ഫുൾ തിരക്കഥ വായിച്ച് കേട്ടതാണ്. പുള്ളി ഭയങ്കര എക്സൈറ്റെഡ് ആയിരുന്നു. പക്ഷേ ഹീറോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡേറ്റ് ക്ലാഷ് വന്നതിനാൽ അത് നടന്നില്ല. ഷൂട്ട് മാറ്റിവയ്ക്കാനും പറ്റില്ല. കാരണം പാട്ടിലൊക്കെയുള്ള പൂക്കൾക്കൊക്കെ ഉള്ള സീസൺ ആയിരുന്നു അത്. അങ്ങനെയാണ് ഉണ്ണി മുകുന്ദനെ അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്", എന്നാണ് സേതു പറഞ്ഞത്. ക്ലബ് എഫ്എമ്മിനോട് ആയിരുന്നു പ്രതികരണം.
'നെക്സ്റ്റ് ഡിവോഴ്സ്'; വിമർശന കമന്റിന് തനുവിന്റെ മറുപടി
2012ൽ ആണ് മല്ലു സിംഗ് റിലീസ് ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയത് എം ജയചന്ദ്രനും ഗോപി സുന്ദറും ചേർന്നായിരുന്നു. മനോജ് കെ ജയൻ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..