Vijay Babu : 'നടിയുടേത് വ്യാജ പരാതി'; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി വിജയ് ബാബുവിന്‍റെ അമ്മ

Published : May 14, 2022, 07:13 PM ISTUpdated : May 14, 2022, 07:34 PM IST
Vijay Babu : 'നടിയുടേത് വ്യാജ പരാതി'; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി വിജയ് ബാബുവിന്‍റെ അമ്മ

Synopsis

മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും പിന്നിൽ എറണാകുളം  കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും വിജയ്  ബാബുവിന്‍റെ അമ്മ പരാതിയില്‍ ആരോപിക്കുന്നു.

കൊച്ചി: നടനും നിർമാതാവുമായ വിജയ്  ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ്  ബാബുവിന്‍റെ (Vijay Babu) അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി. മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും പിന്നിൽ എറണാകുളം  കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബു പരാതിയില്‍ ആരോപിക്കുന്നു. അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വിജയ്  ബാബുവിന്‍റെ അമ്മ പരാതിയില്‍ പറയുന്നു.

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്‍റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്‍റാണ് യുഎഇ പൊലീസിന് കൈമാറിയിട്ടുണ്ട്. വിജയ് ബാബു യു എ ഇയിൽ എവിടെയുണ്ടന്ന് നിലവിൽ കൊച്ചി പൊലീസിന് അറിയില്ല. അറസ്റ്റ് വാറന്‍റിന്‍റെ പശ്ചാത്തലത്തിൽ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യു എ ഇ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ യുഇഎ പൊലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്‍റർപോൾ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്‍റെ ശ്രമം.

താൻ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്‍റർപോൾ വഴി നീക്കങ്ങൾ ശക്തമാക്കിയത്. 

വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്‍റെ  മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്. വിജയ് ബാബുവിന്‍റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പൊലീസ്  ക്രൈംബ്രാഞ്ച് മുഖേനയാണ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയത്.

കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. 

ലഹരി വസ്തുക്കൾ  നൽകി അ‍ർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും  വിജയ് ബാബു പീഡനം തുടർന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള  വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.

യുവതിയുടെ വാക്കുകൾ

ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എൻ്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു "ഒരു ചുംബനം മാത്രം?". ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.

Read Also: 'ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു': വിജയ് ബാബുവിനെതിരെ റിമ കല്ലിങ്കൽ

ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്‌നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്. അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എൻറെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക്‌ വേണ്ടി ഞാൻ ശബ്ദം ഉയർത്തും. എന്നും അവൾക്കൊപ്പം നിൽക്കും. അവൾക്ക് നീതി കിട്ടുന്നത് വരെ..

കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ - "സ്ത്രീകൾക്ക് സുരക്ഷിതമല്ല" എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്. നന്ദി.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു