
കുടുംബപ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ സജിന്‍ അറിയപ്പെടുന്ന്. സിനിമ, സീരിയല്‍ താരം ഷഫ്നയുടെ ഭർത്താവ് എന്ന നിലയിലായിരുന്നു തുടക്കത്തിൽ എല്ലാവരും സജിനെ അറിഞ്ഞിരുന്നതെങ്കിൽ ശിവേട്ടനിലൂടെ സജിന്‍ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സജിന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്.
വിവാഹ വാർഷിക വിശേഷങ്ങളാണ് സജിൻ പുതിയതായി പങ്കുവെക്കുന്നത്. ഒൻപതാം വിവാഹ വാർഷികമാണ് താര ദമ്പതികൾ ആഘോഷിക്കുന്നത്. ഷഫ്നക്ക് ഒപ്പമുള്ള ചിത്രങ്ങളും സജിൻ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ഷഫ്നയും വിവാഹ വാർഷികം ആണെന്നറിയിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നു. 'പ്രിയന് ഒൻപതാം വിവാഹ വാർഷികാശംസകൾ. നമ്മൾ പരിചയപ്പെട്ടിട്ടും പ്രണയത്തിലായിട്ടും 13 വർഷമായിരിക്കുന്നു. ഈ 13 വർഷം 13 ദിവസം പോലെയാണ് കടന്ന് പോയത്. ജീവിതകാലം മുഴുവൻ നമ്മൾ ഇങ്ങനെത്തന്നെ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നോടൊപ്പം ഞാൻ ഏറെ സന്തോഷവതിയാണ്, അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല' എന്നാണ് ഷഫ്‌ന കുറിച്ചത്. നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്.
നേരത്തെ മിന്നലെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നേടിയതിന് കാരണക്കാരി തന്റെ ഭാര്യയാണെന്ന് സജിൻ പറഞ്ഞിരുന്നു. ഭാര്യ ഷഫ്‌നയ്ക്കുളള നന്ദിയും നടന്‍ വേദിയിൽ എടുത്ത് പറഞ്ഞു. 'ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്നയ്ക്ക് ആണ്. ഷഫ്ന മുഖാന്തരമാണ് ഞാന്‍ ഈ സീരിയലിലേക്ക് എത്തിയത്. അഭിനയിക്കണം നടന്‍ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് അവസരങ്ങള്‍ നോക്കി പോയപ്പോഴും ഫുള്‍ പിന്തുണ നല്‍കിയ ആളാണ് ഭാര്യ ഷഫ്ന എന്നും' സജിന്‍ കൂട്ടിച്ചേര്‍ത്തു. ഷഫ്ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത് എന്നും സജിന്‍ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.