ഇന്ത്യന്‍ ബിഗ് സ്ക്രീനിന്‍റെ 'കിംഗ്'; ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാള്‍

Published : Nov 02, 2025, 09:39 AM IST
shah rukh khan celebtaring 60th birthday today

Synopsis

സിനിമാ പാരമ്പര്യമില്ലാതെ എത്തി ഇന്ത്യന്‍ ബിഗ് സ്ക്രീനിലെ ഏറ്റവും സ്നേഹിക്കപ്പടുന്ന സാന്നിധ്യങ്ങളിലൊന്നായി മാറിയ ഷാരൂഖ് ഖാന് ഇന്ന് പിറന്നാള്‍ 

കിംഗ് ഖാന്‍ എന്ന് ആരാധകര്‍ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന് ഇന്ന് പിറന്നാള്‍. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് അറുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

നവംബര്‍ 2 എന്ന തീയതിയിലെ ഒരു ഫോട്ടോഗ്രാഫിക് മെമ്മറി കൂടിയാണ് സിനിമാപ്രേമികളെ സംബന്ധിച്ച് മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഷാരൂഖ് ഖാന്‍. ഒറ്റയ്ക്കൊരാൾ സ്വയം ഒരു ബ്രാൻഡ് ആയി മാറിയ കഥയാണ് ബോളിവുഡിലെ ഖാന്‍ ത്രയത്തിലെ ഈ പ്രധാനിയുടേത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരൂഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു. വൈകാരികമായ ആ ശൂന്യതയ്ക്ക് മുകളില്‍ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് തന്‍റെ സര്‍ഗശക്തി അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ചലച്ചിത്ര താരങ്ങളിലൊരാളാണ് ഷാരൂഖ് ഇന്ന് സാക്ഷാൽ അർണോൾഡ് ഷ്വാസ്നെഗറെയും ടോം ക്രൂസിനെയും ജാക്കി ചാനെയുമൊക്കെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്മാരില്‍ ഒരാളുമാണ്.

സല്‍മാന്‍ ഖാനെയും ആമിര്‍ ഖാനെയും ഒക്കെപ്പോലെ സിനിമാ പാരമ്പര്യമില്ലാത്ത ആളാണ് ഷാരൂഖ് ഖാന്‍. ആദ്യ കാലങ്ങളിൽ അവസരം തേടി ഒരുപാട് അലഞ്ഞിട്ടുണ്ട് അദ്ദേഹം. പിന്നീട് ഖാൻമാർ വാണ ബോളിവുഡിൽ അയാൾ കിംഗ് ഖാനായി. എന്നാല്‍ ശൗര്യത്തിന്റെയല്ല, മറിച്ച് സ്നേഹത്തിന്റെ. സ്നേഹിക്കാൻ വെമ്പുന്നവരുടെ, സ്നേഹം നിഷേധിക്കപ്പെടന്നുവരുടെയൊക്കെ ഓണ്‍സ്ക്രീന്‍ കഥാപാത്രങ്ങളിലൂടെ അയാള്‍. സ്ക്രീനിന് പുറത്തും ഷാരൂഖ് ജനകോടികളുടെ പ്രിയം നേടി. ഇപ്പോഴും അത് തുടരുന്നു. പ്രശസ്തിയും പണവും ഏറുമ്പോഴും അയാൾ ആരാധകഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി വിനയം കൊണ്ട് അമ്പരപ്പിച്ചു.

ഫ്രഞ്ച് സർക്കാരിന്റെ ലീജിയന്‍ ഓഫ് ഓണര്‍, നിരവധി വിദേശ യൂണിവേഴ്സിറ്റികളിൽ നിന്ന് ആദരം, അന്താരാഷ്ട്ര വേദികളിൽ അതിഥി, സ്വപ്ന നഗരമായ ദുബൈയിൽ ടൂറിസം വകുപ്പിന്റെ ബ്രാൻഡ് അംബാസിഡർ, ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ ഇന്ത്യക്കാരൻ ഷാരൂഖ് ആണെന്നാണ് പഠനങ്ങൾ. എന്നാല്‍ വാഴ്ത്തു പാട്ടുകൾ ഏറുമ്പോഴും വിവാദങ്ങൾ വിടാതെ പിടികൂടിയ കാലവുമാണ് ഷാരൂഖിനെ സംബന്ധിച്ച് കടന്നു പോയത്. എന്നാല്‍ തോറ്റെന്ന് ഉറപ്പിച്ചയിടത്തു നിന്ന് രാജാവിന്റെ ശക്തിയോടെ അയാൾ ഉയിർത്ത് എഴുന്നേറ്റു. കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അദ്ദേഹം തിരിച്ചുവന്നത് പഠാന്‍ എന്ന 1000 കോടി ക്ലബ്ബ് വിജയവുമായാണ്. വ്യക്തിപരമായ തിരിച്ചുവരവിനൊപ്പം കോവിഡിന്റെ പിടിയില്‍ തകര്‍ന്ന ബോളിവുഡിന്‍റെ കൂടി തിരിച്ചുവരവായിരുന്നു അത്. ഏറ്റവുമൊടുവില്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. അറുപത് ആണ്ടുകള്‍ പിന്നിടുമ്പോഴും പ്രൊഫഷണലിസത്തിലും സിനിമയോടുള്ള അഭിനിവേശത്തിലും സിനിമയിലെ യുവനിരയ്ക്കും മാതൃകയാണ് അദ്ദേഹം. കിംഗ് ഖാന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ