
മുംബൈ: രാജ്യത്തിന്‍റെ നെഞ്ചിലെ നോവായി മാറിയ മുസഫര്‍ പൂരിലെ കുഞ്ഞ് റഹ്മാന് സഹായവുമായി നടന്‍ ഷാരൂഖ് ഖാന്‍. ബിഹാറിലെ മുസഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച്, അമ്മ മരിച്ചതറിയാതെ തൊട്ടുവിളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ വീഡിയോ രാജ്യം അത്രമേല്‍ വേദനയോടെയാണ് കണ്ടത്. ആ വേദന തനിക്ക് മനസ്സിലാകുമെന്നാണ് കുഞ്ഞിന് സഹായം വാഗ്ദാനം ചെയ്തെത്തിയ ഷാരൂഖ് ആദ്യം പറഞ്ഞത്.
''ഈ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. രക്ഷിതാവിനെ നഷ്ടപ്പെട്ട സാഹചര്യം നേരിടാന്‍ അവന് കരുത്ത് ലഭിക്കട്ടെ. എനിക്കറിയാം അത് എത്രമാത്രം വേദനയാണെന്ന്... ഞങ്ങളുടെ സ്നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട്'' - ഷാരൂഖ് കുറിച്ചു. ഷാരൂഖാന്‍റെ മിയര്‍ ഫൗണ്ടേഷനാണ് കുട്ടിയെ സഹായവുമായി എത്തിയിരിക്കുന്നത്. 2013 ലാണ് ഷാരൂഖ് ഖാന്‍ മിയര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.
കുട്ടിക്കാലത്തുതന്നെ ഷാരൂഖ് ഖാന് തന്‍റെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്‍റെ മാതാവും മരിച്ചു. ഡേവിഡ് ലെറ്റര്‍മാനുമൊത്തുള്ല അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത് മാതാപിതാക്കള്‍ക്ക് അദ്ദേഹത്തോടൊപ്പം അധികം സമയം ചിലവിടാനായിട്ടില്ലെന്നാണ്. ''അതുകൊണ്ടാണ് ഞാന്‍ തീരുമാനിച്ചത്, എനിക്ക് ഒരുപാട് കാലം ജീവിക്കണമെന്ന്, എന്‍റെ കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന്, അവര്‍ക്കൊരിക്കലും പിതാവ് ഒപ്പമില്ലെന്ന തോന്നല്‍ ഉണ്ടാകരുതെന്ന്...'' ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കുട്ടിയുടെ വീഡിയോ വൈറലായതോടെ പാറ്റ്നഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സംഭവത്തെ ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമെന്നാണ് കോടതി വിശേഷിപ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ബിഹാറിലേക്കുള്ള പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു അതിഥി തൊഴിലാളിയായ അര്‍ബീന. മതിയായ ആഹോരമോ വെള്ളമോ ലഭിക്കാതെ ക്ഷീണിതയായിരുന്നു അവരെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. 27 വയസ്സായിരുന്നു അര്‍ബീനയക്ക്. റഹ്മാന്‍ കൂടാതെ നാല് വയസ്സുള്ള ഫര്‍മാന്‍ എന്ന മകനുമുണ്ട് ഇവര്‍ക്കെന്ന് ബന്ധുക്കള്‍ പറഞ്ഞു.
"
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ