
മുംബൈ: ബോളിവുഡിലെ ഏറ്റവും മൂല്യമേറിയ സൂപ്പര്‍താരം ഷാരൂഖ് ഖാൻ തന്നെയെന്ന് തെളിയിക്കുന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിപ്പബ്ലിക് ദിന റിലീസായി എത്തിയ പഠാന്‍റെ വിജയത്തിലൂടെ നാല് കൊല്ലത്തെ ഇടവേളയുണ്ടായിട്ടും താരമൂല്യത്തിന് ഒരു കൊട്ടവും തട്ടിയില്ലെന്ന് ഷാരൂഖ് തെളിയിച്ചതാണ്. വരാനിരിക്കുന്ന റിലീസുകളായ അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ, രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കി എന്നിവയിലൂടെ ബോക്‌സോഫീസിൽ വീണ്ടും ചലനം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ വാര്‍ത്ത.
ജവാൻ, ഡങ്കി എന്നിവയുടെ നോൺ-തിയറ്റർ അവകാശങ്ങളുടെ വില്‍പ്പനയാണ് വാര്‍ത്തയാകുന്നത്. ഈ രണ്ട് ചിത്രങ്ങളുടെ ഒടിടി, മ്യൂസിക്, ചാനല്‍ റൈറ്റ്സ് എന്നിവ ഏകദേശം 450 കോടി മുതൽ 480 കോടി രൂപ വരെയുള്ള വിലയ്ക്ക് വിറ്റുപോയി എന്നാണ് ചില ബോളിവുഡ് സൈറ്റുകളുടെ റിപ്പോര്‍ട്ട്.
സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് എന്നിവയുടെ റൈറ്റ്സ് വിറ്റതിലൂടെ ജവാനും ഡങ്കിയും റെക്കോർഡ് പ്രതിഫലം നേടിയതായാണ് റിപ്പോർട്ടുകള്‍. “തീയറ്റര്‍ ഇതര വരുമാനത്തിന്‍റെ കാര്യത്തില്‍ ഷാരൂഖ് ഖാൻ വെര്‍സസ് ഷാരൂഖ് ഖാൻ എന്ന അവസ്ഥയാണ്. എക്കാലത്തെയും മികച്ച രണ്ട് തിയറ്റർ ഇതര ഡീലുകൾ കിംഗ് ഖാന്റെ പേരിലാണ്. ജവാന്‍റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ ഏകദേശം 250 കോടി രൂപയ്ക്ക് വിറ്റുപോയപ്പോൾ, ഡങ്കിയുടെ അത് ഏകദേശം 230 കോടി രൂപയ്ക്കാണ് വില്‍പ്പന ആയത് ” ഈ ഡീലുകളുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.
ഡങ്കിയിൽ നിന്ന് വ്യത്യസ്തമായി ജവാൻ തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്യുന്നതിനാലാണ് രണ്ട് ചിത്രങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് സംസാരം. ഒരോ ഡീലും എത്ര തുകയ്ക്ക് എന്ന് വ്യക്തമല്ലെങ്കിലും ചില ഡീലുകള്‍ ഇതുവരെ ഇന്ത്യയില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് എന്നാണ് വിവരം.
നേരത്തെ 2023 ജൂണ്‍ 2നാണ് ജവാന്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റിയിരുന്നു. സെപ്തംബര്‍ 7നായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.
ചിരഞ്ജീവിയുടെ മരുമകളും നടിയും നിര്‍മ്മാതാവുമായ നിഹാരിക വിവാഹമോചിതയായി
പ്രണയത്തിലായെന്ന് ഗോസിപ്പ്; വലിയ ഇടവേളയെടുക്കാന്‍ സാമന്ത
WATCH ASIANET NEWS LIVE...