
നന്ദിത ദാസ് സംവിധാനം ചെയ്ത ഫിറാഖ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമാണ് ഷഹാന ഗോസ്വാമി. ഫിറാഖിന് ശേഷം ഒരുപാട് മികച്ച സിനിമകളിൽ വേഷമിട്ട ഷാഹന ഗോസ്വാമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സന്തോഷ്' എന്ന ചിത്രം ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സന്ധ്യ സൂരി സംവിധാനം ചെയ്ത ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ആ വർഷത്തെ യുകെയുടെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ചിത്രം. ആഗോള തലത്തിൽ മികച്ച പ്രശംസകളായിരുന്നു ഷഹാന ഗോസ്വാമി അവതരിപ്പിച്ച സന്തോഷ് സെയ്നി എന്ന കോൺസ്റ്റബിൾ കഥാപാത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ തന്റെ പങ്കാളികളെ കുറിച്ചും പാർട്ണർഷിപ്പിലെ തന്റെ സങ്കല്പങ്ങളെ കുറിച്ചും ഷഹാന ഗോസ്വാമി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ ഓപ്പൺ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നും പുറത്തുനിന്ന് നോക്കുമ്പോൾ ഇതൊക്കെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ഇതിനായി നമ്മൾ നമ്മളെത്തന്നെ ഒരുക്കിയെടുക്കണമെന്നും ഷഹാന ഗോസ്വാമി പറയുന്നു.
"ഈ ഘട്ടത്തിൽ എനിക്ക് ഒരു പ്രൈമറി പാർട്ണർ ഇല്ല എന്നത് സത്യമാണ്. എനിക്ക് ദീർഘകാലമായി നല്ല ബന്ധം പുലർത്തുന്ന ഒന്നിലധികം ആളുകളുണ്ട്. പക്ഷേ, അതൊന്നും കാഷ്വൽ അല്ല. എന്റെ സുഹൃദ്ബന്ധങ്ങൾ പോലെയാണത്. ഓരോ സുഹൃത്തുമായുള്ള ബന്ധവും വ്യത്യസ്തമായിരിക്കും. പുറത്തുനിന്ന് നോക്കുമ്പോൾ ഇതൊക്കെ വളരെ എളുപ്പമാണെന്ന് തോന്നും. പക്ഷേ, ഇതിനായി നമ്മൾ നമ്മളെത്തന്നെ ഒരുക്കിയെടുക്കണം. സ്വന്തം അസൂയയെയും ഇൻസെക്യൂരിറ്റികളെയും തരണം ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല." ഷഹാന ഗോസ്വാമി പറയുന്നു.
“എന്നോട് അടുക്കുന്ന ചില ആളുകൾ പിന്നീട് ഈ ജീവിതരീതി ഉൾക്കൊള്ളാൻ കഴിയാതെ മാറിനിൽക്കാറുണ്ട്. യാതൊരുവിധ വഴക്കോ പിണക്കമോ ഇല്ലാതെയാണ് അവർ പിന്മാറുന്നത്. ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായതുകൊണ്ട് തന്നെ അവരിൽ ചിലർക്ക് അപകർഷതാബോധം ഉണ്ടാകാൻ ഇത് കാരണമാകുന്നുണ്ടാകാം. എന്റെ ഈ സ്വാതന്ത്ര്യം കാണുമ്പോൾ പലർക്കും പേടി തോന്നാറുണ്ട്.”
"പ്രണയം ഒരിക്കലും ഒരാളെ നിയന്ത്രിക്കുന്നതോ തളച്ചിടുന്നതോ ആകരുത് എന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എന്റെ പങ്കാളികൾ പലരും പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നു. പൂർണ്ണമായ സത്യസന്ധതയും കൃത്യമായ ആശയവിനിമയവുമാണ് ഇത്തരം ബന്ധങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ നമ്മളെ സഹായിക്കുന്നത്." ഷഹാന ഗോസ്വാമി കൂട്ടിച്ചേർത്തു. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷഹാന ഗോസ്വാമിയുടെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ