'ജോസഫ് അലക്‌സ് ഐഎഎസ്, ധീരനായ ബ്യൂറോക്രാറ്റ്'; സന്തോഷം പങ്കുവച്ച് ഷാജി കൈലാസ്

By Web TeamFirst Published Nov 12, 2022, 7:23 AM IST
Highlights

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ  'ദി കിംഗ്'.

മ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ദി കിംഗ്'. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തിന്റെ ഇരുപത്തിയെഴാം വാർഷികമായിരുന്നു കഴിഞ്ഞദിവസം. മഹാവിജയത്തിന്റെ ആഘോഷം ഷാജി കൈലാസും മമ്മൂട്ടിയും ചേർന്ന് ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

സിനിമയുടെ ഇരുപത്തിയേഴാം വാര്‍ഷികം മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്ന് ഷാജി കൈലാസ് പറഞ്ഞു. രഞ്ജി പണിക്കര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ഷാജി കൈലാസ് പറയുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് രഞ്ജി പണിക്കരാണ്. 

'ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്‌സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി', എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

1995 നവംബർ 11ന് ആയിരുന്നു ദി കിം​ഗ് റിലീസ് ചെയ്തത്.  മമ്മൂട്ടിക്കൊപ്പം വാണി വിശ്വനാഥും മുരളിയും പപ്പുവും അഭിനയിച്ച് അമ്പരപ്പിച്ച ചിത്രത്തിൽ സുരേഷ് ഗോപിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു.  ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങൾക്കും ഇപ്പോഴും ആരാധകർ ഏറെയാണ്. ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. 

ചിത്രത്തിന്റെ സീനുകൾ സമൂഹമാധ്യമങ്ങളിൽ; പരാതിയുമായി 'ജയ ജയ ജയ ജയ ഹേ' ടീം

അതേസമയം, 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന എലോണ്‍ റിലീസിനൊരുങ്ങുകയാണ്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസ്'ആയിരുന്നു ഈ കോമ്പോയിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒടിടിയിൽ ആയിരിക്കും എലോൺ റിലീസ് ചെയ്യുക.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ.

click me!