ആരായിരുന്നു അന്തരിച്ച ഷാജി തിലകൻ, തിലകന്റെ മകനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ്

Web Desk   | Asianet News
Published : Mar 12, 2020, 12:23 PM ISTUpdated : Mar 12, 2020, 01:38 PM IST
ആരായിരുന്നു അന്തരിച്ച ഷാജി തിലകൻ, തിലകന്റെ മകനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ്

Synopsis

അന്തരിച്ച നടൻ ഷാജി തിലകൻ ആരായിരുന്നുവെന്ന് അറിയാൻ വികാരനിര്‍ഭരമായ ഒരു കുറിപ്പ് വായിക്കാം.

നടൻ തിലകന്റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകൻ അന്തരിച്ച വാര്‍ത്ത അദ്ദേഹത്തെ അടുത്തറിയുന്ന ആള്‍ക്കാര്‍ ഞെട്ടലോടെയാണ് കേട്ടത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. തിലകന്റെ മറ്റ് മക്കളെപ്പോലെ അത്രകണ്ട് അറിയപ്പെടാൻ ഷാജി തിലകന് കഴിഞ്ഞിരുന്നില്ല. ആരായിരുന്നു  ഷാജി തിലകൻ എന്ന് എഴുതുകയാണ് ഗണേഷ് ഓലിക്കര.

ഗണേഷ് ഓലിക്കരയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

തൊണ്ണൂറുകളുടെ അവസാനത്തിൽ ശ്രീ സ്വാതി ഭാസ്ക്കർ സംവിധാനം ചെയ്ത 'സാഗര ചരിതം' സീരിയലിൽ ഒരു ചെറു വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ പരമ്പര പുറത്ത് വന്നില്ല. ഞാനന്ന് കൊല്ലം എസ്എന്‍ കോളജിൽ ബിരുദത്തിനാണ്. ഷോബിയും അവിടെ പഠിക്കുന്നുണ്ട്. പോക്കറ്റ് മണിക്കായി ഞാനും ഷോബിയും കൂടി ഒരു മിമിക്സ് ട്രൂപ്പുണ്ടാക്കുന്നു. കൊല്ലം വൈഎംസിഎയിലാണ് ഷോബിയുടെ താമസം. ഞാനും ഒപ്പം കൂടും. മാസത്തിലൊരിക്കലോ രണ്ടു മാസം കൂടുമ്പൊഴോ മകനെ കാണാൻ തിലകൻ സാർ എത്തും.

നടനാകാന്‍ കൊതിച്ച്... പാതിവഴിയില്‍ ഇറങ്ങിപ്പോയ ഷാജി തിലകന്‍; ചിത്രങ്ങള്‍ കാണാം...

അങ്ങനെയാണ് ആ മഹാനടനെ ആദ്യമായി കാണുന്നത്. ഡിഗ്രി കഴിഞ്ഞ് ഷോബി അച്ഛന്റെ നാടക സമിതിയുടെ നടത്തിപ്പുകാരനായി എറണാകുളത്തേക്ക് പോയി. അപ്പോഴേക്കും ഞാൻ ഷമ്മി ചേട്ടന്റെ സംവിധാനത്തിൽ തിരുവനന്തപുരത്ത് നിന്നിറങ്ങിയ മാനസി എന്ന മിമിക്സ് ട്രൂപ്പിൽ അംഗമായി. എഴുത്തും റിഹേഴ്സലുമായി മിക്കപ്പോഴും ഷമ്മി ചേട്ടന്റെ വീട്ടിൽ തന്നെ. ഷാജി ചേട്ടൻ ഇടയ്ക്കിടെ അനിയനെ കാണാൻ വരുമായിരുന്നു. എന്ത് കൊണ്ടാണെന്നറിയില്ല ഷമ്മി ചേട്ടനോടും ഷോബിയോടും തോന്നാത്ത ഒരകലം ഷാജി ചേട്ടനോട് തോന്നിയിരുന്നു.. ആരോടും അധികം സംസാരിക്കാൻ താത്പര്യമില്ലാത്ത പ്രകൃതം.

ആദ്യത്തെ അകൽച്ച ക്രമേണ മാറി ഞങ്ങൾ കൂട്ടായി. കുറച്ച് നാൾ കഴിഞ്ഞ് എല്ലാവരും പലവഴി പിരിഞ്ഞു. ഷോബി അപ്പോഴേക്കും ഡബ്ബിങ് രംഗത്തെ ഏറ്റവും തിരക്കുള്ള ശബ്ദതാരമായി.ഞാൻ പരമ്പരകളുടെ തിരക്കഥാകൃത്തുമായി. 2014 മഴവിൽ മനോരമക്ക് വേണ്ടി എഴുതിയ 'അനിയത്തി ' എന്ന പരമ്പരയിലെ പൂക്കാടൻ പൗലോസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു നടനെ വേണം. ഷമ്മി ചേട്ടനായിരുന്നു എന്റെ മനസ്സിൽ.. പക്ഷേ സിനിമയിലെ തിരക്ക് കാരണം ചേട്ടന് പറ്റില്ല.  പലരുടെയും പേർ ചർച്ചയിൽ വന്നു.ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല. അപ്പോഴാണ് ഒരു മിന്നായം പോലെ ഷാജി ചേട്ടന്റെ കാര്യം ഓർമ വന്നത്.

സംവിധായകൻ ഷൈജു സുകേഷിനോട് കാര്യം പറഞ്ഞു. ഇങ്ങനൊരാളുണ്ട് ,തിലകൻ സാറിന്റെ മൂത്ത മകനാണ്. അഭിനയിച്ച് വല്യ പരിചയമൊന്നുമില്ല, നമുക്കൊന്നു ട്രൈ ചെയ്താലോ. ധൈര്യമായി വിളിക്ക് ചേട്ടാ നമുക്ക് നോക്കാം... ഷൈജു ധൈര്യം തന്നതോടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. പരിചയം പുതുക്കലിന് ശേഷം ഞാൻ കാര്യം അവതരിപ്പിച്ചു. പരുക്കൻ ശബ്‍ദത്തിലുള്ള പൊട്ടിച്ചിരി..' ഞാൻ മുൻപ് അഭിനയിച്ചിട്ടുള്ള കാര്യം ഞാൻ പോലും മറന്നിരിക്കുകയായിരുന്നു.  ഇത്രയും വർഷം കഴിഞ്ഞിട്ടും നീയത് ഓർത്തിരിക്കുന്നല്ലോ. ഞാൻ ഇനി അഭിനയിച്ചാൽ ശരിയാകുമോ ഗണേഷേ.  ജീവിക്കാൻ ഒരു ജോലിയുണ്ട്. അച്ഛനും അനിയൻമാർക്കും ഞാനായിട്ട് പേരുദോഷം കേൾപ്പിക്കണോ. ചേട്ടൻ എന്തായാലും വരണം നമുക്ക് നോക്കാം.. ഞാൻ ധൈര്യം നല്‍കി.

ഞാനും ഷൈജുവും ചാനലിൽ ആ വേഷം തിലകന്റെ മുത്തമകൻ ഷാജി തിലകനെ കൊണ്ട് ചെയ്യിക്കുന്ന കാര്യം അവതരിപ്പിച്ചു. ചാനലിനും പൂർണ്ണ സമ്മതം. ഷൂട്ടിങ്ങ് തുടങ്ങി. അങ്ങനെ പുക്കാടൻ പൗലോസായി ഷാജി ചേട്ടൻ മുഖത്ത് ചായമണിഞ്ഞു. അഭിനയത്തിലുള്ള ആത്മവിശ്വാസക്കുറവ് ആദ്യമൊക്കെ ഷാജി ചേട്ടനിലെ നടനെ വല്ലാതെ അസ്വസ്‍ഥനാക്കി.ഷൈജുവും ഞാനും പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു.ഓരോ ഷോട്ട് കഴിയുമ്പോഴും ഷാജി ചേട്ടൻ എന്നെ നോക്കും. ഞാൻ കൈയ്യുയർത്തി കൊള്ളാമെന്ന് കാണിക്കും.ചേട്ടന്റെ മുഖത്ത് ആശ്വാസം തെളിയും. മഴവിൽ മനോരമ ഷാജി തിലകന് നല്ല സപ്പോർട്ടാണ് നല്കിയത്. മഹാനടൻ തിലകന്റെ കുടുംബത്തിൽ നിന്ന് ഒരു നടൻ കൂടി എന്ന് ക്യാപ്ഷനോടെ സ്പെഷ്യൽ പ്രമോയും, മലയാള മനോരമ ആഴ്ച്ചപതിപ്പിൽ ഒരു ഫുൾപ്പേജ് റൈറ്റപ്പും വന്നു. അനിയത്തി പരമ്പരയിൽ പൂക്കാടൻ പൗലോസിന് ശബ്‍ദം നല്‍കിയത് അനിയൻ ഷോബി തന്നെയായിരുന്നു. അനിയത്തി പരമ്പര ഷാജി തിലകന് ഒരു ബ്രേക്ക് ആയിരിക്കുമെന്ന് ഞങ്ങൾ കരുതി. പക്ഷേ വിചാരിച്ചതു പോലൊന്നുമുണ്ടായില്ല. ആദ്യമൊക്കെ അഭിനയിക്കാൻ മടിച്ചു നിന്ന ഷാജിയേട്ടൻ പരമ്പര തീരാറായപ്പോഴേക്കും ആത്മവിശ്വാസമുള്ള നടനായി മാറി. പക്ഷേ പിന്നീട് അവസരങ്ങളൊന്നും തേടി വന്നില്ല. വേഷം കിട്ടാത്തതിൽ എനിക്ക് നിരാശയൊന്നുമില്ല ഗണേഷേ.. ജീവിക്കാൻ ജോലിയും ചാലക്കുടിയിൽ ഇത്തിരി മണ്ണുമുണ്ട്. എനിക്കത് ധാരാളം മതി. പിന്നീട് എപ്പൊഴൊക്കെ തിരുവനന്തപുരത്ത് വന്നാലും ഷാജിയേട്ടൻ എന്നെ കാണാൻ വരുമായിരുന്നു. പിന്നീട് 2017-ൽ അമൃത ടി.വിയിൽ നിലാവും നക്ഷത്രങ്ങളും എന്ന പരമ്പര തുടങ്ങുന്നു. പുറമേ പരുക്കനായ ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യാൻ ഷാജിയേട്ടനെ വീണ്ടും വിളിക്കുന്നു. സന്തോഷത്തോടെ ചേട്ടൻ ക്ഷണം സ്വീകരിക്കുന്നു. ഒരു കണ്ടീഷൻ.. എൻ്റെ കഥാപാത്രത്തിന് ഞാൻ തന്നെ ഡബ്ബ് ചെയ്യും.. ഡിമാൻ്റല്ല അപേക്ഷയാണ്. ഒരു നടൻ എന്ന നിലയിൽ ആരും ആഗ്രഹിക്കുന്നതാണ് ചെയ്യുന്ന കഥാപാത്രത്തിന് സ്വന്തം ശബ്‍ദമെന്നുള്ളത്. ഞാൻ സമ്മതിച്ചു. ഡബ്ബിങ്ങ് പഠിപ്പിക്കാൻ ഷോബിയും സഹായിച്ചു. റിട്ടയർ ആവാൻ കുറച്ച് നാളു കുടിയേയുള്ളൂ. അതു കഴിഞ്ഞ് ഫുൾ സ്വിങ്ങിൽ ഞാൻ അഭിനയരംഗത്തോട്ടിറങ്ങാൻ പോവ്വാടാ ഉവ്വേ. പക്ഷേ വിചാരിച്ച കാര്യങ്ങള്‍ വീണ്ടും പാളം തെറ്റി. ആഗ്രഹിച്ചത് പോലെ ഒരു നടനായി ഷാജി ചേട്ടന് അറിയപ്പെടാൻ കഴിഞ്ഞില്ല.

പല രാത്രികളിലും വിളിക്കുമായിരുന്നു.ക്രമേണ ആ വിളികളിൽ വല്ലാത്ത ജീവിത നൈരാശ്യം പടരുന്നത് അറിഞ്ഞു. പ്രളയകെടുതിയിൽ വീടും കൃഷിയുമൊക്കെ നശിച്ചുപോയിരുന്നു. ഒക്കെ ശരിയാവും ചേട്ടാ. ഉം ശരിയാവണം. പക്ഷേ ഒന്നും ശരിയായില്ല. നിഷ്‍കളങ്കനായ ഒരു മനുഷ്യന് ജീവിത പരാജയങ്ങളെ അത്ര എളുപ്പത്തിൽ ഉൾകൊള്ളാനാകില്ലല്ലോ. പകുതിയണിഞ്ഞ ചമയം തുടച്ച് കളഞ്ഞ് ഷാജി ചേട്ടൻ ജീവിത നാടകത്തിന്റെഅരങ്ങിൽ നിന്ന് കൈവീശി നടന്നു മറയുന്നു. ഷാജി ചേട്ടാ. നിങ്ങൾ പരാജിതനായ ഒരു നടനായിരിക്കാം. പക്ഷേ നന്മയുള്ള ഒരു പച്ച മനുഷ്യനായിരുന്നു. ഓർമയിൽ ഒരു സിഗററ്റ് മണവുമായി നിങ്ങൾ ഇടയ്ക്കിടക്ക് കയറിവരാതിരിക്കില്ല. യാത്രാമൊഴി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനി ചിരഞ്‍ജീവി നായകനായി വിശ്വംഭര, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്
അല്‍ത്താഫ് സലിമിന്റെ ഇന്നസെന്റ് ഒടുവില്‍ ഒടിടിയിലും എത്തി