
മിനിസ്ക്രീനിൽ പ്രതിനായികാ കഥപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വർഷ എന്ന കഥാപാത്രം ഉള്‍പ്പെടെ പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു കുറച്ചുനാളായി തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന രസകരമായ തമാശ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷക പ്രശംസ നേടുന്നത്. എന്‍റെ മാതാവ് എന്ന പരമ്പരയിലും താരത്തിന് ലഭിച്ചത് മികച്ച വേഷമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലുവിന്റെ പുതിയ പോസ്റ്റ് ആണിപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പുതുതായി പങ്കുവച്ചിരിക്കുന്നത്. ഇളയ മകന്റെ മാമോദീസ ശിശു ദിനത്തിൽ തന്നെ ആഘോഷിക്കുകയാണ് കുടുംബം. പ്രത്യേകതയുള്ള ദിവസത്തിൽ കസവ് വർക്കുള്ള വെള്ള സാരിയിലാണ് ശാലു ഒരുങ്ങിയിരിക്കുന്നത്. ഭർത്താവ് മെൽവിനും മക്കളും വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വളരെ ലളിതമായി എന്നാൽ, മനോഹരവുമായാണ് കുടുംബത്തിന്‍റെ ചിത്രങ്ങൾ. ഇളയ മകൻ ലിയാൻഡർ തന്നെയാണ് ചിത്രങ്ങളിലും താരം. നിരവധി ആരാധകരാണ് ശാലുവിൻറെ മകന് ആശംസകൾ നേരുന്നത്. ഒപ്പം സന്തുഷ്ടമായ കുടുംബമെന്നും ചിലർ കമൻറ് ചെയ്യുന്നുണ്ട്.
ALSO READ : ടൈറ്റില്‍ കഥാപാത്രം ഈ കാര്‍; '1744 വൈറ്റ് ആള്‍ട്ടോ' വരുന്നു
വിവാഹശേഷം കുറച്ച് നാള്‍ സീരിയലിൽ സജീവമല്ലാതിരുന്ന നടി അടുത്തിടെയാണ് വീണ്ടും പരമ്പരകളിൽ സജീവമായത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുന്‍ററിയിലൂടെയായിരുന്നു ആദ്യമായി താരം ക്യാമറയുടെ മുൻപിൽ എത്തിയത്. ഒരു ഹൊറർ സീരിയൽ ആയിരുന്നു ശാലുവിന്‍റെ ആദ്യ സീരിയൽ. ശേഷം തിങ്കളും താരകങ്ങളും എന്ന പരമ്പരയില്‍ അഭിനയിച്ചു. പിന്നാലെ സരയൂ എന്ന പരമ്പരയിലെ രജനി, ഇന്ദിര എന്ന സീരിയലിലെ ജലറാണി ഇവയെല്ലാം മികച്ച വേഷങ്ങളായിരുന്നു. 2017 ൽ ആയിരുന്നു ശാലു കുര്യൻ വിവാഹിതയായത്. പത്തനംതിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പ് ആണ് ശാലുവിന്‍റെ ഭര്‍ത്താവ്.