'വേട്ടക്കാരനെ മാറ്റിനിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്'; ഷമ്മി തിലകന്‍ പറയുന്നു

By Web TeamFirst Published Nov 26, 2020, 5:51 PM IST
Highlights

ഈയിടെ നടന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സംഘടനയില്‍ നിന്നുള്ള നടി പാര്‍വ്വതിയുടെ രാജി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശമ നടത്തിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു

വേട്ടക്കാതെ മാറ്റിനിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍. താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബുരാജിനെയും ടിനി ടോമിനെയും ഫേസ്ബുക്കില്‍ ടാഗ് ചെയ്തുകൊണ്ടാണ് ഷമ്മിയുടെ പോസ്റ്റ്. 'വേട്ടക്കാരെ മാറ്റിനിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷികമൂല്യം പരിഗണിച്ച്, കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൊക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു', ഷമ്മി തിലകന്‍ കുറിച്ചു. 

ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് കുറിപ്പ്

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകൾക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്, അപ്പപ്പൊ കാണുന്നവനെ 'അപ്പാ' എന്ന് വിളിക്കുന്നവർ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങൾ കാണാൻ നിൽക്കാതെ, എല്ലാവരുടെയും അപ്പന്മാർ അവരവർക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്, വേട്ടക്കാരെ മാറ്റി നിർത്തിയാവണം ഇരയുടെ രോദനം കേൾക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്, കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു..! 

സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്. നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു..? നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..? നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ..? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്..! നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്..! ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..! നാളെ അതു മറ്റാരുടേതോ ആകും..! മാറ്റം പ്രകൃതിനിയമം ആണ്..!! ശുഭദിനങ്ങൾ ഉണ്ടാകട്ടെ..!

ഈയിടെ നടന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സംഘടനയില്‍ നിന്നുള്ള നടി പാര്‍വ്വതിയുടെ രാജി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശമ നടത്തിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു. അതേസമയം സംഘടനയുടെ വൈസ് പ്രസിഡന്‍റ് ആവാന്‍ യോഗ്യതയുള്ള നടി ആയിരുന്നു പാര്‍വ്വതിയെന്ന് ബാബുരാജ് പിന്നീട് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. 

click me!