
രാഹുൽ സദാശിവൻ- ഷെയ്ൻ നിഗം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഭൂതകാലം'. രേവതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സൈക്കോളജിക്കൽ- ഹൊറർ വിഭാഗത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. ഒടിടിയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം. സിനിമയുടെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്തുവെന്നാണ് ഷെയ്ൻ നിഗം പറയുന്നത്.
"ഭൂതകാലം ഷൂട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു മൂന്ന് മാസത്തെ പ്രീ പ്രൊഡക്ഷൻ ഞങ്ങൾ ചെയ്തിരുന്നു. കോവിഡ് കാലമായതു കൊണ്ട് സംഭവിച്ചതാണ് അത്. ഇന്നിപ്പോൾ അങ്ങനെ ഇരിക്കണം എന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. ഭൂതകാലത്തിൽ ഞാൻ ഒരു പാട്ടും ചെയ്തിട്ടുണ്ട്. സിനിമ കഴിഞ്ഞ് ക്ലൈമാക്സ് വീണ്ടും നമ്മൾ റീ ഷൂട്ട് ചെയ്തിരുന്നു. നിങ്ങൾ ഇപ്പോൾ കാണുന്ന ക്ലൈമാക്സ് ആയിരുന്നില്ല ആദ്യം. വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ആദ്യം. ഒരു പാരലൽ റിയാലിറ്റിയിലേക്ക് മാറുന്ന ഒരു കോൺസെപ്റ്റ് ആയിരുന്നു അത്." ഷെയ്ൻ നിഗം പറയുന്നു.
"പക്ഷേ അത് നമുക്കെല്ലാവർക്കും ദഹിക്കണമെന്നില്ല. പിന്നീട് അംബൂക്കയുടെ സഹായത്തോടെ നമ്മൾ വേറൊരു കാര്യം ചിന്തിച്ചു. അങ്ങനെ രാഹുലേട്ടൻ കൊണ്ടുവന്ന ഒരാശയമാണ് നിങ്ങളിപ്പോൾ കാണുന്ന ക്ലൈമാക്സ്. അതിന് പിന്നിൽ ഒരുപാട് എഫേർട്ട് ഉണ്ട്. അത്രയും സമയം ആ സിനിമയ്ക്ക് വേണ്ടി എടുത്തുതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഭ്രമയുഗം ഇറങ്ങിയപ്പോഴും ഡീസയ് ഈറെ റിലീസായപ്പോഴും ഭൂതകാലത്തെക്കുറിച്ച് ആളുകൾ സംസാരിച്ചിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാത്തിലുമപരി അത് എന്റെ ആദ്യത്തെ നിർമാണ സംരംഭം കൂടിയായിരുന്നു." ഷെയ്ൻ നിഗം കൂട്ടിച്ചേർത്തു.
അതേസമയം ഹാൽ ആണ് ഷെയ്ൻ നിഗം നായകനായെത്തിയ പുതിയ ചിത്രം. ഇന്ന് റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഷെയ്ൻ നിഗത്തിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. സെൻസർ വിവാദങ്ങളൊന്നും തന്നെ ചിത്രത്തെ ബാധിച്ചിട്ടില്ലെന്ന് ആദ്യ ദിന പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. 'കടുംവെട്ട് ഒത്തില്ല, പടം ഹിറ്റ്' എന്ന തലക്കെട്ടോടെ അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്ററും ഇതിനോടകം ശ്രദ്ധേയമാകുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ