Bermuda Movie: ഷെയ്ൻ നി​ഗത്തിന്റെ 'ബര്‍മുഡ'; റിലീസ് പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Mar 01, 2022, 09:36 PM IST
Bermuda Movie: ഷെയ്ൻ നി​ഗത്തിന്റെ 'ബര്‍മുഡ'; റിലീസ് പ്രഖ്യാപിച്ചു

Synopsis

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. 

ഷെയ്ന്‍ നിഗത്തെ(Shane Nigam) നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ബര്‍മുഡ'യുടെ(Bermuda Movie) റിലീസ് തിയതി പുറത്തുവിട്ടു. മെയ് ആറിനാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സന്തോഷ് ശിവന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളായ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളില്‍ ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നടൻ മോഹൻലാൽ ​ഗായകനായി എത്തുന്നുണ്ട്. നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും മലയാളികളുടെ ഇഷ്ട​ഗാനങ്ങളിൽ ഒന്നാണ്. 

നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവരാണ് നിര്‍മ്മിക്കുന്നത്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍. കലാസംവിധാനം ദിലീപ് നാഥ്. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല. 

Read More :  കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ ? ഭദ്രൻ ചോദിക്കുന്നു

അതേസമയം വെയിൽ, ഭൂതകാലം എന്നീ ചിത്രങ്ങളാണ് ഷെയിനിന്റേതായി റിലീസ് ചെയ്ത ചിത്രങ്ങൾ. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന വെയിലിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്സ്‍തെറ്റിക് കുഞ്ഞമ്മ. 

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ