
ദില്ലി: മാർവെലിന്‍റെ പുതിയ സിനിമ 'ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സ്' നവംബര്‍ 12നാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഇന്ത്യയില്‍ ആരംഭിച്ചത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ഈ സിനിമ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കാണാന്‍ സാധിക്കും. മലയാളത്തിലും ഇത് ലഭ്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പടം എത്തിയപ്പോള്‍ ഗുരുതരമായ പ്രശ്നം സംഭവിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യൻ പതിപ്പുകളിൽ നിന്ന് ബീഫ് എന്ന വാക്ക് എടുത്തുമാറ്റിയെന്നാണ് ആരോപണം. ഹിന്ദിയിൽ ബീഫിന് പകരം വെജ് ബിരിയാണിയെന്നാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ അത് ബ്രഡ് ഓംലെറ്റാണ്. തമിഴിൽ ഉപ്പ്മാവും കന്നടയിൽ പനീറും തെലുങ്കിൽ ചിക്കനുമാണ് 'ബീഫിന്' പകരം ഉപയോഗിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.
സിനിമയിലെ നായകകഥാപാത്രമായ ഷാങ് ചിയും സുഹൃത്തായ കെയ്‌റ്റിയും വിമാനത്തില്‍ ഭക്ഷണം ഓഡര്‍ ചെയ്യുന്ന രംഗത്തിലാണ് 'ബീഫ്' എടുത്ത് കളഞ്ഞ സംഭവം. ചിക്കൻ തീർന്നുപോയതിനാൽ ബീഫ് അല്ലെങ്കിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേയുള്ളു എന്നായിരുന്നു പടത്തിന്‍റെ ഇംഗ്ലീഷ് പതിപ്പിലെ യഥാർത്ഥ സംഭാഷണം. ഈ സീനാണ് ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റിയപ്പോള്‍ ബീഫ് എന്ന വാക്ക് എടുത്ത് മാറ്റി, ബാക്കി ഭക്ഷണ സാധനങ്ങളുടെ പേര് ചേര്‍ത്തത്.
മാർവെൽ സ്റ്റുഡിയോസിനെ ഇന്ത്യയുടെ ബീഫ് രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു, എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ട്വിറ്ററില്‍ ഈ രംഗം ചര്‍ച്ചയാകുന്നത്. അതേ സമയം 'മതവികാരങ്ങളെയും' മറ്റും മാനിക്കുന്ന തരത്തിലാണ് മാര്‍വലിന്‍റെ നടപടി എന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. മാര്‍വല്‍ സിനിമകള്‍ ഇനിയും മൊഴിമാറ്റുമ്പോള്‍ സംസ്ഥാനത്തിന് അനുസരിച്ച് മെനു പ്രസിദ്ധീകരിക്കണം എന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.
അതേ സമയം കൊവിഡ് പ്രസിസന്ധിക്ക് ശേഷം ലോകത്തിലാകെ ബോക്സ് ഓഫീസ് ഉണര്‍ത്തിയ പടമായിരുന്നു മാര്‍വെലിന്‍റെ ഹോളിവുഡ് സൂപ്പര്‍ഹാറോ ചിത്രം 'ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്‍സ്'. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ആദ്യത്തെ ഏഷ്യന്‍ സൂപ്പര്‍ ഹീറോ പടമാണ് ഷാങ് ചി. ചൈനീസ് വംശജനായ 'ഷാങ് ചി' എന്ന സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയന്‍ ചൈനീസ് നടനായ സിമൂ ലീയുവാണ്.
ക്രൈസി റിച്ച് ഏഷ്യന്‍സ് പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ലീയു. 2021 സെപ്തംബര്‍ 3നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഡെസ്റ്റില്‍ ഡാനിയല്‍ ക്രിട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ