ഏവരും കാത്തിരിക്കുന്ന ദൃശ്യം 3, പേട്രിയറ്റ് എന്നീ ചിത്രങ്ങൾക്കു മുൻപായി മോഹൻലാലിന്‍റെ മറ്റൊരു ചിത്രം തിയറ്ററുകളിലേക്ക്
മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രങ്ങള്‍ ദൃശ്യം 3, പേട്രിയറ്റ് എന്നിവയാണ്. ദൃശ്യം 3 ഒരുപക്ഷേ ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണെങ്കില്‍ മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസ് ചിത്രങ്ങളിലൊന്നാണ് വന്‍ താരനിരയുമായി എത്തുന്ന പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും വലിയ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ രണ്ട് ചിത്രങ്ങളും ഏപ്രില്‍ റിലീസുകള്‍ ആണ്. ദൃശ്യം 3 ഏപ്രില്‍ 2 നാണ് തിയറ്ററുകളില്‍ എത്തുന്നതെങ്കില്‍ പേട്രിയറ്റ് എത്തുക ഏപ്രില്‍ 23 ന് ആണ്. എന്നാല്‍ മോഹന്‍ലാലിന്‍റെ അടുത്ത ബിഗ് സ്ക്രീന്‍ എന്‍ട്രി ഈ രണ്ട് ചിത്രങ്ങളിലൂടെയുമല്ല, മറിച്ച് മറ്റൊരു ചിത്രത്തിലൂടെയാണ്. എന്നാല്‍ അതൊരു റീ റിലീസ് ചിത്രമാണ്.
ഔദ്യോഗിക പ്രഖ്യാപനം
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തെത്തിയ ഉദയനാണ് താരം എന്ന ചിത്രമാണ് അതിന് മുന്‍പ് തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം എത്തുക. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോയിലൂടെ ചിത്രത്തിന്‍റെ റീ റിലീസ് തീയതി പുറത്തുവിട്ടത്. കാള്‍ട്ടണ്‍ ഫിലിംസിന്‍റെ ബാനറില്‍ സി കരുണാകരന്‍ നിര്‍മ്മിച്ച ചിത്രം ന്യൂ സൂര്യ ഫിലിംസ് ആണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കുന്നത്. 4 കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. കഴിഞ്ഞ വര്‍ഷം ജൂലൈ 20 ന് നടക്കുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന റീ റിലീസ് ആയിരുന്നു ഇത്. എന്നാല്‍ പിന്നീട് അത് മാറ്റി.
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം. റോഷന്‍ ആന്‍ഡ്രൂസും ശ്രീനിവാസനും ചേര്‍ന്ന് എഴുതിയ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസന്‍ ആയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന അരങ്ങേറ്റവുമായിരുന്നു ഈ ചിത്രം. ആദ്യ റിലീസില്‍ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു. ഉദയഭാനുവായി മോഹന്‍ലാല്‍ എത്തുമ്പോള്‍ സരോജ് കുമാറിനെ അവതരിപ്പിച്ചത് ശ്രീനിവാസനാണ്. ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് ഉദയനാണ് താരം.



