
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക്, വിശേഷിച്ചും തമിഴ് സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് കാഴ്ചയുടെ പല പൂരങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അവയില്‍ പലതും വമ്പന്‍ ബോക്സ് ഓഫീസ് വിജയങ്ങളുമായിരുന്നു. എന്നാല്‍ 2018 ന് ശേഷം ഷങ്കറിന് ഒരു വിജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ കരിയറിലെ സ്വപ്‍ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുകയാണ് ഷങ്കര്‍. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഈ പ്രോജക്റ്റിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. ബജറ്റില്‍ രാജമൗലിയുടെ സ്വപ്ന പ്രോജക്റ്റ് വാരണാസിക്കൊപ്പം എത്തുന്നതാണ് ഷങ്കറിന്‍റെയും വരാനിരിക്കുന്ന സിനിമ.
വേല്‍പാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സു വെങ്കടേശന്‍ എഴുതിയ വീര യുഗ നായകന്‍ വേല്‍പാരി എന്ന പ്രശസ്ത ചരിത്ര നോവലിനെ ആസ്പദമാക്കിയുള്ളതാണ്. തമിഴ് സംഘകാല സാഹിത്യത്തില്‍ വേരുകളുള്ള ഒരു കഥയെ ലോക നിലവാരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് ഷങ്കറിന്‍റെ ലക്ഷ്യം. ചിത്രത്തിന്‍റെ തിരക്കഥാ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പാരി എന്ന നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി മൂന്ന് ഭാഗങ്ങളായാവും ഷങ്കറിന്‍റെ ചിത്രം എത്തുക. മുല്ലൈ ദേശത്തെ ഭരണാധികാരിയായിരുന്ന പാരി ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങള്‍ക്കെതിരെ വലിയ യുദ്ധങ്ങളും നയിച്ചിട്ടുണ്ട്.
എന്തിരന്‍ ആണ് എന്‍റെ സ്വപ്ന പ്രോജക്റ്റ് എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. വേല്‍പാരിയാണ് ഇപ്പോള്‍ എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്ന സിനിമ. ഗെയിം ഓഫ് ത്രോണ്‍സ് പോലെയോ അവതാര്‍ പോലെയും ലോക നിലവാരത്തിലുള്ള ഒരു ചിത്രമായിരിക്കും അത്, അടുത്തിടെ ഒരു വേദിയില്‍ ഷങ്കര്‍ പറഞ്ഞിരുന്നു. വേദിയിലുണ്ടായിരുന്ന രജനികാന്തും ഷങ്കറിന്‍റെ പുതിയ സംരംഭത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.
ഇന്ത്യന്‍ 3 പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2026 ജൂണ്‍ മാസത്തോടെ ആയിരിക്കും വേല്‍പാരിയുടെ ചിത്രീകരണം ഷങ്കര്‍ ആരംഭിക്കുക. പ്രീ പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്ന ചിത്രത്തിലെ കാസ്റ്റിംഗ് ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സൂര്യയെയും വിക്രത്തെയുമാണ് ഷങ്കര്‍ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം ബോളിവുഡിലെ ഒരു സൂപ്പര്‍താരവും പരിഗണനയിലുണ്ട്. ഇത് ഷാരൂഖ് ഖാനോ രണ്‍വീര്‍ സിംഗോ ആയേക്കുമെന്നാണ് സൂചനകള്‍. എസ് എസ് രാജമൗലിയുടെ അപ്കമിംഗ് പ്രോജക്റ്റ് വാരണാസിയുടെ ബജറ്റ്, 1000 കോടിയാണ് വേല്‍പാരിയുടെയും ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിനും നെറ്റ്ഫ്ലിക്സിനും പങ്കാളിത്തമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും സമീപകാല പരാജയങ്ങളില്‍ തന്നെ എഴുതി തള്ളിയവര്‍ക്ക് ഒരു മറുപടി കൊടുക്കുക തന്നെയാവും ഷങ്കറിന്‍റെ ലക്ഷ്യം.