നന്ദി സാര്‍... അങ്ങയുടെ വിയോജിപ്പാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം: സംവിധായകന്‍ ഷെരീഫ് ഈസ

By Web TeamFirst Published Mar 1, 2019, 11:31 AM IST
Highlights

 'കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍' എന്ന സിനിമയാണ് മികച്ച സിനിമയായി തെരഞ്ഞെടുത്തത്. മികച്ച സിനിമയുടെ സംവിധായകന് തന്നെ അവാര്‍ഡ് നല്‍കണമെന്നായിരുന്നു ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നിയുടെ നിലപാട്. 

കല്‍പ്പറ്റ: സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിലെ തര്‍ക്കം പുറത്തുവന്നതിന് പിന്നാലെ ഏറ്റവൂം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍' ന്റെ സംവിധായകന്‍ ഷെരീഫ് ഈസയെ കുമാര്‍ സാഹ്നി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെ ഷെരീഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അങ്ങയുടെ വിയോജിപ്പാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നായിരുന്നു ഷെരീഫ് ഈസയുടെ മറുപടി.

മികച്ച സിനിമയുടെ സംവിധായകന്‍ തന്നെയാണ് മികച്ച സംവിധായകനെന്ന് കുമാര്‍ സാഹ്‌നി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുമാര്‍ സാഹ്‌നിയുടെ പ്രതികരണം. മറ്റ് അംഗങ്ങളുടെ അഭിപ്രായം അവരോട് ചോദിക്കണം. 'കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍'  ഇന്ത്യയില്‍ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണെന്നും കുമാര്‍ സാഹ്‌നി അഭിപ്രായപ്പെട്ടിരുന്നു. 

മികച്ച സംവിധായകനെ തെരഞ്ഞെടുക്കുന്നതില്‍ ജൂറിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്രസ്താവന. 'കാന്തന്‍ ദ ലൗവര്‍ ഓഫ് കളര്‍' എന്ന സിനിമയാണ് മികച്ച സിനിമയായി തെരഞ്ഞെടുത്തത്. മികച്ച സിനിമയുടെ സംവിധായകന് തന്നെ അവാര്‍ഡ് നല്‍കണമെന്നായിരുന്നു ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നിയുടെ നിലപാട്. എന്നാല്‍ മറ്റ് അംഗങ്ങള്‍ ഇതിനോട് വിയോജിച്ചു. 

തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുമാര്‍ സാഹ്‌നി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അവാര്‍ഡ് പ്രഖ്യാപന വേളയിലും കുമാര്‍ സാഹ്‌നി വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രിയാണ് ജൂറി ചെയര്‍മാന്‍ തന്റെ അഭിപ്രായം നേരിട്ട് മികച്ച ചിത്രത്തിന്റെ സംവിധായകനെ വിളിച്ച് അറിയിക്കുന്നത്. ഷെരീഫിന്റെ ഫേസ് ബുക് പോസ്റ്റ് താഴെ. 

ഷെരീഫ് ഈസയുടെ ഫേസ് ബുക്ക് പോസ്റ്റ്:

''അല്‍പം മുന്‍പ് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി സാര്‍ വിളിച്ചിരുന്നു. ഒരുപാട് പ്രശംസിച്ചു. നേരില്‍ കാണണമെന്ന് പറഞ്ഞു.നന്ദി സാര്‍..... അങ്ങയുടെ വിയോജിപ്പാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.''

click me!