
നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം പ്രതിഛായയെ പ്രശംസിച്ച് സംവിധായകന്‍ സിബി മലയില്‍. ചിത്രത്തെ വേറിട്ട് നിര്‍ത്തുന്ന കാര്യം എന്താണെന്ന് ഇത് സംബന്ധിച്ച് എഴുതിയ സോഷ്യല്‍ മീഡിയ കുറിപ്പില്‍ സിബി മലയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയായുള്ള ബാലചന്ദ്ര മേനോന്‍റെ പ്രകടനത്തെ പ്രശംസിക്കുന്ന അദ്ദേഹം ചിത്രത്തിലെ മറ്റ് പോസിറ്റീവ് ഘടകങ്ങളെക്കുറിച്ചും പറയുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള, ചടുലമായ ഒരു സിനിമ ഏറെ കാലത്തിന് ശേഷമാണ് കാണുന്നതെന്നും.
പ്രിയസുഹൃത്ത് ബി.ഉണ്ണികൃഷ്ണൻ്റെ പുതിയ സിനിമ പ്രതിഛായ കണ്ടു. ഏറെക്കാലത്തിനു ശേഷമാണ് രാഷ്ടീയ പശ്ചാത്തലത്തിലുളള ചടുലമായ ഒരു സിനിമ കാണാൻ അവസരമുണ്ടായത്. സമകാലീന കേരള രാഷ്‌ട്രീയത്തെ പക്ഷം പിടിക്കാതെ സത്യസന്ധമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് പ്രതിഛായയെ വ്യതിരിക്തമാക്കുന്നത്. രാഷ്‌ട്രീയ ചേരിപ്പോരുകളുടെ പിന്നാമ്പുറങ്ങളിൽ ചവിട്ടിമെതിക്കപ്പെടുന്ന ജീവിതങ്ങളെ, ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങളെ, തകർക്കപ്പെടുന്ന പ്രതിഛായകളെ ഏറെ മികവോടെ ഉണ്ണികൃഷ്ണൻ നമ്മളിലേക്ക് എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രിയായുള്ള ശ്രീ ബാലചന്ദ്രമേനോൻ്റെ പകർന്നാട്ടം പരാമർശിക്കാതെ ഈ കുറിപ്പു പൂർണമാകില്ല, ഒപ്പം തന്നെ നിവിൻ പോളിയുടെയും മറ്റ് ഒരോ അഭിനേതാവിൻ്റെയും പ്രകടനങ്ങളും. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം ഉൾപ്പെടെ എല്ലാ സാങ്കേതികവിഭാഗങ്ങളും ഗംഭീര പിന്തുണയുമായി സംവിധായകനൊപ്പമുണ്ട്. ശ്രീ ഉണ്ണികൃഷ്ണൻ്റെ നാളിതുവരെയുള്ള ചിത്രങ്ങളുടെ മുൻനിരയിലാണ് പ്രതിഛായയുടെ സ്ഥാനം. മലയാളത്തിലുണ്ടായ ഏറ്റവും മികച്ച പൊളിറ്റിക്കൽ ഡ്രാമകളുടെ ഗണത്തിലേക്കു കാലം ചേർത്തു വെക്കുന്ന ചിത്രമായി പ്രതിഛായ അടയാളപ്പെടുത്തപ്പെടും എന്നെനിക്ക് ഉറപ്പുണ്ട്.
കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് ഇത്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമാ ജീവിതത്തിന്റെ അന്‍പതാം വർഷത്തിൽ ബാലചന്ദ്ര മേനോൻ അതിശക്തമായ കഥാപാത്രമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഷറഫുദ്ദീന്‍, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ