'തിലകന്‍ ചേട്ടനോട് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ഇപ്പോഴും കുറ്റബോധമുണ്ട്'; സിദ്ദിഖ് പറയുന്നു

By Web TeamFirst Published Oct 18, 2020, 1:52 PM IST
Highlights

പിന്നീട് ഒരു ചാനല്‍ പരിപാടിക്കിടെ തിലകനെ കണ്ടിരുന്നുവെന്നും അന്ന് അദ്ദേഹത്തോട് ക്ഷമ ചോദിച്ചെന്നും സിദ്ദിഖ് പറയുന്നു

താരസംഘടന 'അമ്മ'യ്ക്കും നടന്‍ തിലകനുമിടയില്‍ അകല്‍ച്ചയുണ്ടായിരുന്ന സമയത്ത് അത് പരിഹരിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് സിദ്ദിഖ്. മറിച്ച് സംഘടനയ്ക്കുവേണ്ടി തിലകനെ എതിര്‍ത്ത് സംസാരിക്കുകയാണ് താന്‍ അന്ന് ചെയ്തതെന്നും പക്ഷേ അതില്‍ എക്കാലവും കുറ്റബോധമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖിന്‍റെ തുറന്നുപറച്ചില്‍.

'അമ്മ'യ്ക്കും തിലകനുമിടയില്‍ അകല്‍ച്ചയുണ്ടായ സമയത്ത് അത് മാറ്റാന്‍ ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് സിദ്ദിഖിന്‍റെ മറുപടി ഇങ്ങനെ- "അസോസിയേഷന്‍റെ ഭാഗത്തുനിന്നുകൊണ്ട് തിലകന്‍ ചേട്ടനോട് എതിര്‍ത്ത് സംസാരിക്കുകയാണ് ഞാനന്ന് ചെയ്തത്. അത് തെറ്റായിപ്പോയെന്ന കുറ്റബോധം എനിക്ക് നല്ലതുപോലെയുണ്ട്. അമ്മയിലെ പല അംഗങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിക്കുകയാണ് ഞാന്‍ അന്ന് ചെയ്തത്. മറ്റു പലര്‍ പറഞ്ഞതിനേക്കാളും ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്ന് തിലകന്‍ ചേട്ടന്‍റെ മകള്‍ എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്. അതൊരു വല്ലാത്ത വേദനയായി", സിദ്ദിഖ് പറയുന്നു.

പിന്നീട് ഒരു ചാനല്‍ പരിപാടിക്കിടെ തിലകനെ കണ്ടിരുന്നുവെന്നും അന്ന് അദ്ദേഹത്തോട് ക്ഷമ ചോദിച്ചെന്നും സിദ്ദിഖ് പറയുന്നു. "എന്നോട് ക്ഷമിക്കണമെന്ന് ഞാന്‍ അന്ന് അദ്ദേഹത്തോട് പറഞ്ഞു. തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്തതാണ് ഞാന്‍ ചെയ്തതെന്നും. ആ തിരിച്ചറിവുണ്ടായല്ലോ, അത് മതി എന്നായിരുന്നു മറുപടി. അന്ന് പിന്നെ അദ്ദേഹത്തോട് കുറേ സംസാരിച്ചു. അതിനുമുന്‍പ് ഞങ്ങള്‍ക്കിടയിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ എല്ലാ ദിവസവും വിളിക്കുമായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വീട്ടില്‍ രണ്ടുമൂന്ന് തവണ പോയി കണ്ടിരുന്നു. ഒരു തവണ ഒപ്പം മമ്മൂക്കയും ഉണ്ടായിരുന്നു. ഞാനായിട്ടുതന്നെയാണ് ആ ബന്ധം നശിപ്പിച്ചുകളഞ്ഞത്. അസോസിയേഷനില്‍ അത്രയും സീനിയര്‍ ആയിട്ടുള്ള ഒരു വ്യക്തി അങ്ങനെ ചെയ്തതിന് ഞാന്‍ അത്രയ്ക്ക് പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. നല്ലതുപോലെ സംസാരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മഞ്ഞ് ഉരുകുമായിരുന്നു. പക്ഷേ എതിര്‍ത്ത് സംസാരിച്ചതിന് ക്ഷമ ചോദിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്, ഞാന്‍ ചോദിച്ചിട്ടുമുണ്ട്", സിദ്ദിഖ് പറഞ്ഞവസാനിപ്പിക്കുന്നു.

click me!