ഗണേഷ് കുമാറും സുരേഷ് ഗോപിയും തനിക്കെതിരെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെക്കുറിച്ച് ജഗദീഷ്

ഗണേഷ് കുമാറും സുരേഷ് ഗോപിയുമൊക്കെ തനിക്കെതിരെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെ വിഷമിപ്പിക്കാറില്ലെന്ന് ജഗദീഷ്. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള സുരേഷ് ഗോപിയെ ഗണേഷ് കുമാര്‍ സമീപകാലത്ത് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. അടുത്ത സുഹൃത്തുക്കളായവര്‍ ഇങ്ങനെ പെരുമാറുന്നതില്‍ വിഷയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജഗദീഷ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജഗദീഷിന്‍റെ പ്രതികരണം. സുഖമാണോ സുഖമാണ് എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

ജഗദീഷ് പറയുന്നു

അടുത്ത സുഹൃത്തുക്കളായ ഗണേഷ് കുമാറും സുരേഷ് ഗോപിയും തമ്മില്‍ ഉണ്ടാവുന്ന വാക്പോര് വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് ജഗദീഷിന്‍റെ മറുപടി ഇങ്ങനെ- “അത് വിഷമിപ്പിക്കാന്‍ പാടില്ല. കാരണം അങ്ങനെയാണെങ്കില്‍ ഞാന്‍ തകരും. ഗണേശന്‍ എന്നെക്കുറിച്ച് എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ജഗദീഷ് കള്ളനാ. തരംപോലെ അഭിപ്രായങ്ങളൊക്കെ മാറ്റി പറയുന്ന ആളാ. കാര്യം കാണാന്‍ എന്ത് വിഡ്ഢിത്തവും പറയും. എന്ത് കൊള്ളരുതായ്മയും ചെയ്യും. ജഗദീഷിനെ വിശ്വസിക്കാന്‍ കൊള്ളത്തില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു ഫീലീംഗും ഇല്ല. കൂടെനിന്ന് ഗണേശന്‍ പറഞ്ഞിട്ടുണ്ട്. എന്നാലും എന്നെക്കുറിച്ച് ഗണേശന്‍ അങ്ങനെ പറഞ്ഞല്ലോ എന്ന് എനിക്ക് തോന്നിയിട്ടില്ല. ഗണേശന്‍റെ വിശ്വാസം അതാണെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം എനിക്കില്ല. അത് ആര് പറഞ്ഞാലും ശരി”, ജഗദീഷ് പറയുന്നു.

“സുരേഷ് ഗോപി എന്നെക്കുറിച്ച് പോസിറ്റീവ് ആയ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്, ഇഷ്ടപ്പെടാത്ത കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അണ്ണാ, നിങ്ങള് ചെയ്യുന്നത് ശരിയല്ല. ആ നിലപാട് എനിക്ക് യോജിപ്പില്ല. അമ്മയുടെ പല നിലപാടുകളും എനിക്ക് എതിരായിരുന്നു. അതില്‍ നിങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. യു ആര്‍ ഓള്‍സൊ റെസ്പോണ്‍സിബിള്‍. എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ അപ്സെറ്റ് ആവേണ്ട കാര്യമുണ്ടോ. അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു. വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് ഞാനെന്നാണ് ഗണേശന്‍റെ വിശ്വാസമെങ്കില്‍ അതിനെ ഞാന്‍ തിരുത്താന്‍ പോവേണ്ട കാര്യമില്ല. അത് അയാളുടെ വിശ്വാസം. ചിലപ്പോള്‍ പോസിറ്റീവ് പറഞ്ഞിട്ടുമുണ്ട്. ജഗദീഷ് നല്ലവനാ എന്നും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിനെ അത്രത്തോളം സീരിയസ് ആയിട്ട് എടുക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ ഒരു മുറിയില്‍ ക്ലോസ് ആയിട്ട് വന്നുകഴിഞ്ഞാല്‍ അവര്‍ രണ്ട് പേരും കെട്ടിപ്പിടിക്കുമായിരിക്കും. ആര്‍ക്കറിയാം. ഗണേശന്‍റെ അടുത്ത കാലത്തുള്ള പല പ്രസ്താവനകളും... വേണ്ടപ്പെട്ടവര്‍ക്കെതിരെയൊക്കെ പറഞ്ഞിട്ടുണ്ട്. ഗണേശന്‍റെ സാഹചര്യമനുസരിച്ച് ഗണേശന്‍... എന്നെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് അതില്‍ ഫീലിംഗ് ഇല്ല”, ജഗദീഷ് പറഞ്ഞവസാനിപ്പിക്കുന്നു. 

ഈ സിനിമ നായകനും നായികയും തമ്മിലുള്ള പ്രണയകഥയല്ല | Sughamaano Sughamaanu Movie Interview