Marakkar :'മരക്കാര്‍' പോസ്റ്റ് ആന്‍റണി ടൈപ്പ് ചെയ്‍ത് തന്നതാണോയെന്ന് ചോദ്യം; സിജുവിന്‍റെ മറുപടി വൈറല്‍

By Web TeamFirst Published Dec 8, 2021, 10:39 AM IST
Highlights

മരക്കാര്‍ തന്നിലെ പ്രേക്ഷകനെ തൃപ്‍തിപ്പെടുത്തിയെന്നായിരുന്നു സിജുവിന്‍റെ പോസ്റ്റ്

സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പോടെയെത്തിയ ചിത്രമായിരുന്നു പ്രിയദര്‍ശന്‍ (Priyadarshan)- മോഹന്‍ലാല്‍ (Mohanlal) ടീമിന്‍റെ മരക്കാര്‍: അറബിക്കടലിന്‍റെ സിഹം (Marakkar). എന്നാല്‍ ഫാന്‍സ് ഷോകള്‍ മുതല്‍ സമ്മിശ്ര പ്രതികരണമാണ് ആദ്യദിനങ്ങളില്‍ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടന്നത് സംഘടിതമായ ആക്രമണമാണെന്ന് ആരോപിച്ച് അണിയറപ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. പിന്നാലെ സിനിമാ മേഖലയില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇപ്പോഴിതാ മരക്കാറിനെക്കുറിച്ചുള്ള നടന്‍ സിജു വില്‍സണിന്‍റെ (Siju Wilson) ഒരു പോസ്റ്റും അതില്‍ കമന്‍റ് ആയെത്തിയ ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

മരക്കാര്‍ തന്നിലെ പ്രേക്ഷകനെ തൃപ്‍തിപ്പെടുത്തിയെന്നും തിയറ്റര്‍ എക്സ്പീരിയന്‍സ് നഷ്‍ടപ്പെടുത്തരുതെന്നും സിജു ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തിരുന്നു. 'നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കുക' (#StandWithGoodCinemas) എന്നൊരു ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. പോസ്റ്റിന് കൈയടിച്ചുള്ള കമന്‍റുകള്‍ക്കൊപ്പമുള്ള ചിലത് പരിഹാസം ഉദ്ദേശിച്ചുള്ളവയായിരുന്നു. 'ആന്‍റണി സാര്‍ ടൈപ്പ് ചെയ്‍ത് തന്നതാണോ ബ്രോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. മരക്കാര്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിനെ ഉദ്ദേശിച്ചായിരുന്നു ചോദ്യം. ഇതിന് സിജു നല്‍കിയ മറുപടിയാണ് വൈറല്‍ ആയിരിക്കുന്നത്. "പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിംഗ്‌ അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്‍റെ അഭിപ്രായം രേഖപെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതുകൊണ്ടും, തല്‍ക്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല", മറുപടിയായി സിജു കുറിച്ചു. 2500ല്‍ ഏറെ ലൈക്കുകളാണ് സിജുവിന്‍റെ മറുപടിക്ക് ലഭിച്ചിരിക്കുന്നത്.

റിലീസിനു പിന്നാലെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. എരുമേലി സ്വദേശി നസീഫ് ആണ് ദിവസങ്ങള്‍ക്കു മുന്‍പ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നും തെളിവുകള്‍ ശേഖരിച്ചതിനു ശേഷം കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും സൈബര്‍ സെല്‍ അറിയിച്ചിരുന്നു. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സൈബര്‍ സെല്‍ അന്വേഷണം. അതേസമയം റിലീസ് ചെയ്‍തിട്ട് ഒരാഴ്ചയാവുമ്പോള്‍ ചിത്രം കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച് റിലീസ് സെന്‍ററുകളില്‍ തുടരുകയാണ്. 

click me!