
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി ഗായിക പുഷ്പവതി. താൻ ദളിത് സമൂഹത്തിന്‍റെ പ്രതിനിധിയാണെന്നും വലിഞ്ഞുകയറിയല്ല സിനിമ കോണ്‍ക്ലേവിന് പോയതെന്നും സര്‍ക്കാര്‍ ക്ഷണിച്ചതുപ്രകാരമാണെന്നും പുഷ്പവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേർസൺ ആണ് താൻ. അവിടെ ആത്മസഹോദരങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധിച്ചത്. ദളിത് സമൂഹത്തിന്റെ ജീവിതം അടൂർ ഗോപാലകൃഷ്ണൻ പഠിക്കണം.അടൂർ മനസ്സ് കൂടുതൽ വിശാലമാക്കണമെന്നാണ് പറയാനുള്ളത്. അടൂരിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ചത് ശ്രദ്ധ നേടാൻ വേണ്ടിയുള്ള ശ്രമമായിരുന്നില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ തന്നെ ബാധിക്കുന്നതല്ല. അഭിമാനബോധത്തിൽ ആര് കൈവച്ചാലും എതിർക്കുമെന്നും അതാണ് ചെയ്തതെന്നും വംശബോധവും വർഗബോധവും കൊണ്ടാണ് പ്രതിഷേധിച്ചതെന്നും പുഷ്പവതി പറഞ്ഞു.
സിനിമ കോണ്‍ക്ലേവിനിടെ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ അവിടെ വെച്ച് തന്നെ പുഷ്പവതി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് അടൂര്‍ ഗോപാലകൃഷ്ണൻ ഉന്നയിച്ചത്. തന്നെ ചോദ്യം ചെയ്യാൻ അവര്‍ ആരാണെന്നും തന്‍റെ സംസാരം തടസപ്പെടുത്താൻ അവര്‍ ആരാണെന്നും അടൂര്‍ ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.
പുഷ്പവതി സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തൻ അല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. പുഷ്പവതിക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ വരാൻ അവർക്ക് എന്ത് അധികാരമാണുള്ളത്. വഴിയെ പോകുന്നവർക്ക് എന്തും പറയാം എന്നാണോ. ഇത് ചന്തയൊന്നുമല്ല. മന്ത്രി എന്തുകൊണ്ട് തടഞ്ഞില്ല. ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് തെറ്റ്. ഓടും മുൻപ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ. മന്ത്രിക്ക് അറിയില്ല, ഇത് പരിശീലനം നടത്തി ഉണ്ടാവുന്നത് ആണെന്ന്. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അടൂർ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ