
മുംബൈ: ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ആമിര്‍ ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന സീതാരേ സമീൻ പറിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. 2007-ൽ പുറത്തിറങ്ങിയ ആമിറിന്റെ സംവിധാനത്തില്‍ എത്തിയ താരേ സമീൻ പറിന്റെ തുടർച്ചയാണ് സീതാരേ സമീൻ പർ എന്നാണ് വിവരം. കുറച്ച് കാലതാമസങ്ങൾക്ക് ശേഷം ജൂൺ 20 ന് തിയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യും. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
പോസ്റ്ററിൽ അസ്വസ്ഥനായി ഇരിക്കുന്ന ആമിറിന് ചുറ്റും പത്തോളം പേര്‍ കൂടി നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കൈമുട്ട് ഒരു ബാസ്കറ്റ്ബോളിലാണ് വച്ചിരിക്കുന്നത്. അതിനാൽ സീതാരേ സമീൻ പര്‍ സ്പോര്‍ട്സ് പാശ്ചത്തലമുള്ള ചിത്രം ആയിരിക്കും എന്നാണ് സൂചന. ആദ്യചിത്രത്തില്‍ ദർശീൽ സഫാരിയെ നായകനാക്കി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കും.
അരൂഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്‌സെ, ഷഹാനി, ശ്രീഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്കർ എന്നിവർ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കും.
സീതാരേ സമീൻ പറില്‍ താരേ സമീന്‍ പര്‍ പോലെ ഒരു എക്സ്റ്റന്‍റഡ് ക്യാമിയോ റോളില്‍ ആയിരിക്കും ആമിര്‍ ഖാന്‍ എന്നാണ് വിവരം.
താരേ സമീൻ പറിന്റെ ടാഗ്‌ലൈൻ "ഓരോ കുട്ടിയും സ്പെഷ്യലാണ്" എന്നായിരുന്നെങ്കിൽ,സീതാരേ സമീൻ പറിന്റെ പോസ്റ്ററിൽ ടാഗ്‌ലൈൻ: "സബ്ക അപ്നാ അപ്നാ നോര്‍മല്‍" (എല്ലാവരെ സംബന്ധിച്ചും അവര്‍ നോര്‍മലാണ്) എന്നതാണ്.
അടുത്തിടെ ചൈന സന്ദർശിച്ചപ്പോൾ ആമിർ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. "വിഷയപരമായി, ആദ്യഭാഗത്ത് നിന്ന് ഈ ചിത്രം പത്ത് ചുവടുകൾ മുന്നോട്ട് പോകുന്നുണ്ട്. ഇത് ഭിന്നശേഷിക്കാരായ ആളുകളെക്കുറിച്ചുള്ള ചിത്രമാണ്. ഇത് പ്രണയത്തെയും സൗഹൃദത്തെയും ജീവിതത്തെയും കാണിക്കുന്നു. താരേ സമീൻ പർ നിങ്ങളെ കരയിപ്പിച്ചു, പക്ഷേ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡിയാണ്, പക്ഷേ പ്രമേയം ഒന്നുതന്നെയാണ്" ആമിര്‍ വ്യക്തമാക്കി പറഞ്ഞു.
2022ല്‍ ഇറങ്ങിയ ലാല് സിംഗ് ഛദ്ദയാണ് ആമിറിന്‍റെ അവസാനം ഇറങ്ങിയ ചിത്രം. ഇത് തീയറ്ററില്‍ വലിയ തിരിച്ചടി നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ