പുത്തൻ റെക്കോർഡിട്ട് ശിവകാർത്തികേയൻ; റിലീസിന് മുൻപെ 100 കോടി നേടി 'പ്രിൻസ്'

By Web TeamFirst Published Oct 7, 2022, 9:07 PM IST
Highlights

ഒക്ടോബര്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.

മിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനായി എത്തുന്ന പ്രിൻസ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.  അനുദീപ് കെ വി ആണ് പ്രിൻസിന്റെ സംവിധായകൻ. ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ മികച്ച ബിസിനസ് ചിത്രം സ്വന്തമാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. 

ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രം മികച്ച പ്രീ റിലീസ് ബിസിനസ് ആണ് നേടിയിരിക്കുന്നത്. ചിത്രം 100 കോടിയോളം രൂപയാണ് പ്രീ റിലീസ് ബിസിനസായി നേടിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നുമാണ് റിപ്പോർട്ട്. 

'പടവെട്ടാ'ൻ തയ്യാറെടുത്ത് നിവിന്‍, ഒപ്പം ഷമ്മി തിലകനും ഷൈനും; ആവേശമുണർത്തി ട്രെയിലർ

ഒക്ടോബര്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന 'പ്രിൻസി'ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

'ഡോണ്‍' ആണ് ശിവകാർത്തികേയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി.  അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. ഡോണിനൊപ്പം ശിവകാര്‍ത്തികേയന്‍റെ 'ഡോക്ടര്‍' എന്ന ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 

click me!