
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് തമിഴ്നാട്ടില്‍ പ്രേക്ഷകരെ തിരിച്ചെത്തിച്ച ചിത്രമാണ് 'ഡോക്ടര്‍' (Doctor Movie). നെല്‍സണ്‍ ദിലീപ്‍കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്‍ത ചിത്രം ഈ മാസം 9നാണ് തമിഴ്നാട്ടിലും കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും റിലീസ് ചെയ്യപ്പെട്ടത്. 'മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് 'വരുണ്‍ ഡോക്ടര്‍' എന്ന പേരിലാണ് എത്തിയത്. കൊവിഡ് ആദ്യതരംഗത്തിനു പിന്നാലെ തുറന്ന തിയറ്ററുകളിലേക്ക് വിജയ് ചിത്രം മാസ്റ്റര്‍ എപ്രകാരമാണോ കാണികളെ ആകര്‍ഷിച്ചത് സമാനരീതിയിലാണ് ഡോക്ടറും കാണികളെ എത്തിച്ചത്. ഇപ്പോഴിതാ ചിത്രം കേരള റിലീസിനും (Doctor Kerala Release) തയ്യാറെടുക്കുകയാണ്.
സര്‍ക്കാര്‍ അനുമതി നല്‍കിയ ഈ മാസം 25നു തന്നെ മള്‍ട്ടിപ്ലെക്സുകള്‍ അടക്കമുള്ള കേരളത്തിലെ മുഴുവന്‍ തിയറ്ററുകളും തുറക്കാനാണ് തിയറ്റര്‍ ഉടമകളുടെ തീരുമാനം. തിയറ്ററുകള്‍ തുറക്കുന്ന ദിവസം തന്നെയാണ് ഡോക്ടര്‍ റിലീസ്. തമിഴ്നാട്ടിലേതുപോലെ കേരളത്തിലെ തിയറ്ററിലേക്കും പ്രേക്ഷകരെ എത്തിക്കാന്‍ ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് കഴിയുമോ എന്നാണ് തിയറ്റര്‍ വ്യവസായം ഉറ്റുനോക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു ഇത്. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്. 'കോലമാവ് കോകില' ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം. വിജയ്‍യുടെ പുതിയ ചിത്രം 'ബീസ്റ്റ്' സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ