
ചെന്നൈ: തമിഴ് സിനിമയുടെ ബഹുമുഖ പ്രതിഭയായ എസ്.ജെ. സൂര്യ പത്ത് വർഷത്തിന് ശേഷം 'കില്ലർ' എന്ന പുതിയ പാൻ-ഇന്ത്യൻ ചിത്രവുമായി സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. 2015-ലെ 'ഇസൈ' എന്ന ചിത്രത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭമായ 'കില്ലർ' സ്വപ്ന പദ്ധതി എന്നാണ് സൂര്യ വിശേഷിപ്പിച്ചത്.
ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങും.എസ്.ജെ. സൂര്യ തന്റെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ 'കില്ലർ' എന്ന ചിത്രത്തിന്റെ പ്രധാന വിശദാംശങ്ങൾ പങ്കുവെച്ചു.
"ഇത് ഒരു സീരിയൽ കില്ലർ ചിത്രമല്ല, ടൈറ്റിൽ കണ്ട് തെറ്റിദ്ധരിക്കരുത് 'കില്ലർ' ഒരു ഹിറ്റ്മാൻ കേന്ദ്രീകൃത കഥയാണ്, എന്നാൽ ആക്ഷൻ, റൊമാൻസ്, കോമഡി എന്നിവയുടെ സമന്വയമാണ് ചിത്രം. എന്‍റെ ഖുഷി ലോകത്ത് ഒരു ജെയിംസ് ബോണ്ട് എന്നതാണ് ചിത്രത്തിന്‍റെ ആശയം" എന്ന് സൂര്യ വിശദീകരിച്ചു.
ഈ ചിത്രത്തിന്റെ തിരക്കഥ ലോക്ഡൗൺ കാലത്താണ് രചിച്ചത് എന്ന് എസ്ജെ സൂര്യ പിന്നീട് വ്യക്തമാക്കി. ഇന്ത്യയിലും മെക്സിക്കോയിലുമായാണ് 'കില്ലർ' ചിത്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. വലിയ ബജറ്റിൽ വന്‍ താരനിരയോടെ ഒരുങ്ങുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്‍റെ ഗോകുലം ഗോപാലനും സൂര്യയുടെ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. നടി പ്രീതി അസ്റാനി ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തും എന്നാണ് വിവരം.
ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ധനുഷ്, സിലമ്പരസൻ ടി.ആർ, രാഘവ ലോറൻസ് തുടങ്ങിയ താരങ്ങൾ എക്സിലൂടെ എസ്ജെ സൂര്യയ്ക്ക് ആശംസകൾ അറിയിച്ചു. ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന 'കില്ലർ' ആരാധകർക്കിടയിലും ചര്‍ച്ചയാകുന്നുണ്ട് ഖുഷി പോലുള്ള വന്‍ ഹിറ്റുകള്‍ ഒരുക്കിയ എസ്ജെ സൂര്യയുടെ സംവിധാകനായുള്ള വന്‍ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷ.