
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മൂവരും പങ്കുവച്ചിരിക്കുന്നത്. 'ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്' എന്നാണ് പോസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
പലരും താരങ്ങൾ ഗർഭിണിയാണെന്ന തരത്തിലാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻറെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍. നാദിയ മൊയ്ദു, പാർവതി തിരുവോത്ത് , നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിമി എന്നിവര്‍ സിനിമയിൽ ഗർഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്.
അതേസമയം, പുഴു എന്ന ചിത്രമാണ് പാർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രത്തീനയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. തങ്കലാൻ എന്ന വിക്രം ചിത്രമാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണിത്.
ധനുഷ് നായകനായി എത്തിയ 'തിരുചിത്രമ്പലം' എന്ന ചിത്രത്തിലാണ് നിത്യ മേനന്‍റേതായി അടുത്തിടെ റിലീസ് ചെയ്തത്. മിത്രൻ ജവഹര്‍ ആണ് സംവിധാനം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ