
മുംബൈ: ബോളിവുഡ് താരം സോനാക്ഷി സിൻഹയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രം ‘നികിത റോയ് ആൻഡ് ദി ബുക്ക് ഓഫ് ഡാർക്നസ്’ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ജൂൺ 27ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ഇപ്പോൾ 2025 ജൂലൈ 18നാണ് പ്രദർശനത്തിനെത്തുക. ഈ തീരുമാനത്തെക്കുറിച്ച് സോനാക്ഷി സിൻഹ ഇപ്പോള്‍ തുറന്നു പറഞ്ഞതാണ് വാര്‍ത്തയാകുന്നത്.
സോനാക്ഷിയുടെ സഹോദരനും നവാഗത സംവിധായകനുമായ കുശ് സിൻഹയാണ് ‘നികിത റോയ്’ സംവിധാനം ചെയ്തിരിക്കുന്നത്. പരേഷ് റാവൽ, അർജുൻ റാംപാൽ, സുഹൈൽ നയ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം, ഒരു നിഗൂഢമായ ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് കഥയാണ് അവതരിപ്പിക്കുന്നത്.
പവൻ കിർപലാനിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നിക്കി വിക്കി ഭഗ്നാനി ഫിലിംസിന്റെയും നികിത പൈ ഫിലിംസ് ലിമിറ്റഡിന്റെയും ബാനറിൽ നിർമിച്ച ഈ ചിത്രം, ബവേജ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ബ്ലിസ് എന്റർടെയ്ൻമെന്റ്, മൂവീസ് പിടിഇ ലിമിറ്റഡ്, കാർമിക് ഫിലിംസ് എന്നിവയാണ് വിതരണം ചെയ്യുന്നത്.
റിലീസ് മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കി നിർമാതാക്കൾ ഔദ്യോഗിക പ്രസ്താവന നേരത്തെ പുറത്തിറക്കിയിരുന്നു “ഒന്നിലധികം ചിത്രങ്ങൾ ഒരേ ദിവസം റിലീസിനെത്തുന്നതിനാൽ തിയേറ്റർ സ്ക്രീനുകൾക്കായുള്ള മത്സരം രൂക്ഷമാണ്. വിതരണക്കാർ, എക്സിബിറ്റർമാർ, വ്യവസായത്തിലെ നല്ലവരായവരുടെ ഉപദേശപ്രകാരം, കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനായി ഞങ്ങൾ റിലീസ് ജൂലൈ 18ലേക്ക് മാറ്റുകയാണ്. ചിത്രത്തിന് ഇതുവരെ ലഭിച്ച സ്നേഹത്തിന് നന്ദി, കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും, പക്ഷേ ജൂലൈ 18ന് തിയേറ്ററിൽ ഈ കാത്തിരിപ്പിന് മൂല്യമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു!” എന്നായിരുന്നു വിശദീകരണം.
ജൂൺ 27ന് കാജലിന്റെ ‘മാ’ എന്ന ചിത്രവുമായി ‘നികിത റോയ്’ ബോക്സോഫീസിൽ ഏറ്റുമുട്ടേണ്ടിയിരുന്നു. എന്നാൽ കാജലിന്റെ ചിത്രവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് സോനാക്ഷി വ്യക്തമാക്കി. “കാജൽ ഒരു അത്ഭുതകരമായ നടിയാണ്, ഞാൻ അവരെ വളരെയധികം ആരാധിക്കുന്നു. രണ്ട് സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായ സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത് വലിയ കാര്യമാണ്. ഇത് ആരോഗ്യകരമായ മത്സരമാണ്,” സോനാക്ഷി പറഞ്ഞു.
‘നികിത റോയ്’ ഒരു സൂപ്പര്‍ നാച്വറല്‍ പ്രതിഭാസങ്ങള്‍ അന്വേഷിക്കുന്ന വ്യക്തിയുടെ വേഷത്തിലാണ് സോനാക്ഷി എത്തുന്നത്. ശാസ്ത്രീയവും യുക്തിപരവുമായ ചിന്താഗതിയിലൂടെ തെറ്റായ വിശ്വാസങ്ങളെ തകർക്കുന്ന കഥാപാത്രമാണ് അവർ അവതരിപ്പിക്കുന്നത്. എന്നാൽ, യുക്തിക്ക് നിരക്കാത്ത ഒരു കേസ് അവളുടെ വിശ്വാസങ്ങളെ പരീക്ഷിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറും സംഗീതവും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.